ജയ്പൂർ: കർണ്ണാടകത്തിനും ഗുജറാത്തിനും പിന്നാലെ രാജസ്ഥാനിലും രാജ്യസഭാ തിരഞ്ഞെടുപ്പ് നാടകം. കോൺഗ്രസും ബി.ജെ.പിയുമാണ് അപ്പുറവും ഇപ്പുറവും. ബി.ജെ.പിയെ പേടിച്ച് എം.എൽ.എ മാരെയും കൊണ്ട് കോൺഗ്രസ് ഓടി ഒളിക്കുകയാണ്. ബി.ജെ.പി റാഞ്ചുമോ എന്ന് തന്നെയാണ് ഭയം. കോൺഗ്രസുകാരുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും മുതിർന്ന നേതാവ് രൺദീപ് സിംഗും ഉൾപ്പെടുന്നു.
ഡൽഹി ജയ്പുർ ഹൈവേയ്ക്ക് സമീപത്തുള്ള ശിവ വിലാസ് എന്ന റിസോർട്ടിലാണ് എം.എൽ.എമാരെ താമസിപ്പിച്ചിരിക്കുന്നത്. ഇന്നലെ രാത്രി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും റിസോർട്ടിലെത്തി എം.എൽ.എമാരുമായി ചർച്ച നടത്തി. സർക്കാരിനെ പിന്തുണയ്ക്കുന്ന സ്വതന്ത്രന്മാരും റിസോർട്ടിലുണ്ട്.
രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഗുജറാത്തിലെ പാർട്ടി എം.എൽ.എ മാരെ കോൺഗ്രസ് രാജസ്ഥാനിലെത്തിച്ചിരുന്നു. ഗുജറാത്തിൽ നിന്ന് എം.എൽ.എമാർ ബി.ജെ.പിക്ക് സഹായകരമാകുന്ന തരത്തിൽ രാജിവച്ചിരുന്നു. തുടർന്നാണ് മറ്റ് എംഎൽഎമാരെ രാജസ്ഥാനിലെ റിസോർട്ടിലേക്ക് മാറ്റിയത്. ഇതിന് പിന്നാലെയാണ് ബി.ജെ.പി രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് ആരോപിക്കുന്നത്. ജൂൺ 19നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പിന് നടക്കുന്നത്.