തിരുവനന്തപുരം : മർദ്ദനത്തെ തുടർന്ന് മൂക്കിനും തലയ്ക്കും നെറ്റിയിലുമേറ്റ ക്ഷതവും മുറിവുകളുമാണ് മുൻ രഞ്‌ജി ട്രോഫി ക്രിക്കറ്റ് താരവും എസ്.ബി.ഐ ഡെപ്യൂട്ടി ജനറൽ മാനേജരുമായിരുന്ന ജയമോഹൻ തമ്പിയുടെ മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കേസിൽ അറസ്റ്റിലായ മൂത്തമകൻ അശ്വിന്റെ മർദനത്തെ തുടർന്നുണ്ടായ പരിക്കുകളാണ് ജയമോഹൻ തമ്പിയുടെ ജീവൻ അപഹരിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ അശ്വിൻ ജയമോഹൻ തമ്പിയെ ഭിത്തിയോട് ചേർത്തുനിറുത്തി ഇടിച്ചുവെന്നാണ് പൊലീസിന് ലഭിച്ച മൊഴി. മൂക്കിന്റെ എല്ലിനേറ്റ പരിക്ക്, ഇടിയിൽ തലയ്‌ക്കേറ്റ ക്ഷതം, വാതിൽ പടിയിൽ നെറ്റി ഇടിച്ചതിനെ തുടർന്നുണ്ടായ മുറിവ് എന്നിവയാണ് മരണകാരണമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. എ.ടി.എം കാർഡിനെയും പണത്തെയും ചൊല്ലിയുള്ള തർക്കമാണ് മർദനത്തിന് കാരണമായതെന്ന് അശ്വിൻ സമ്മതിച്ചതായും പൊലീസ് പറഞ്ഞു.
ശനിയാഴ്‌ച പകലാണ് ജയമോഹൻ തമ്പി മരിച്ചതെന്നാണ് പൊലീസ് നിഗമനം. ജയമോഹൻ തമ്പിയുടെ എ.ടി.എം അശ്വിൻ കൈവശപ്പെടുത്തിയിരുന്നു. ശനിയാഴ്‌ച പകൽ 11ന് മദ്യം വാങ്ങാൻ ജയമോഹൻ പണം ആവശ്യപ്പെട്ടു. അശ്വിൻ 500 രൂപ നൽകി. സമീപവാസിയെവിട്ട് ജയമോഹൻ മദ്യം വാങ്ങിപ്പിച്ചു. എന്നാൽ, ഇതിൽനിന്ന് കുറച്ചു മദ്യംമാത്രമേ അശ്വിൻ അച്ഛന് നൽകിയുള്ളൂ. വീണ്ടും മദ്യം വാങ്ങാൻ തന്റെ എടിഎം കാർഡ് നൽകണമെന്ന് ജയമോഹൻ ആവശ്യപ്പെട്ടു. പ്രകോപിതനായ അശ്വിൻ ജയമോഹന്റെ മൂക്കിനിടിച്ചു. മൂക്കിന്റെ എല്ല‌് പൊട്ടി. പിന്നീട് ഭിത്തിയോടു ചേർത്തുനിറുത്തി തലയുടെ ഇടത് ഭാഗത്ത് മർദിച്ചു.ഇതിനിടയിൽ വാതിൽപ്പടിയിൽത്തട്ടി ജയമോഹൻ തമ്പിയുടെ നെറ്റി ആഴത്തിൽ മുറിഞ്ഞു. താഴെവീണ അച്ഛനെ സിറ്റൗട്ടിൽനിന്ന് വലിച്ചിഴച്ച് ഹാളിൽ കൊണ്ടുവന്ന് കിടത്തിയശേഷം അശ്വിൻ തന്റെ മുറിയിൽപ്പോയി മദ്യപാനം തുടരുകയുമായിരുന്നു.
മറ്റൊരു വീട്ടിൽ താമസിക്കുന്ന അനിയനെ വിളിച്ച് അച്ഛൻ വീണ് കിടക്കുന്നതായി അറിയിച്ചു. ആശുപത്രിയിൽ കൊണ്ടുപോകാൻ സഹോദരൻ നിർദേശിച്ചു. പിന്നീട് അയൽക്കാരനോടും അച്ഛൻ വീണ് കിടക്കുന്നതായി അറിയിച്ചു. എന്നാൽ, ഇപ്പോൾ വരാനാകില്ല എന്നായിരുന്നു മറുപടി. വീട്ടിൽ തിരിച്ചെത്തിയ അശ്വിൻ വീണ്ടും മദ്യപിച്ചു. തിങ്കളാഴ്‌ച രാവിലെ വീടിനുള്ളിൽനിന്ന് ദുർഗന്ധം അനുഭവപ്പെട്ടതോടെ മുകളിലത്തെ നിലയിൽ താമസിക്കുന്ന വാടകക്കാർ നോക്കിയപ്പോഴാണ് ജയമോഹൻ നിലത്ത് കിടക്കുന്നത് കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തിയപ്പോഴും അശ്വിൻ മദ്യലഹരിയിലായിരുന്നു.ആദ്യദിവസത്തെ ചോദ്യം ചെയ്യലിൽ തർക്കം നടന്നതടക്കമുള്ള കാര്യങ്ങൾ അശ്വിൻ മറച്ചുവച്ചു. മദ്യപിക്കാൻ മറ്റൊരാൾ കൂടിയുണ്ടായിരുന്നുവെന്ന് മൊഴി നൽകി. അച്ഛൻ കൂടുതൽ ഉറങ്ങാറുള്ളതിനാൽ സംശയം തോന്നിയില്ലെന്നും മൊഴി നൽകി.
എന്നാൽ, പരിക്കിന്റെ സ്വഭാവം സാധാരണ വീഴ്‌ചയിൽ ഉണ്ടാകുന്നതല്ലെന്നും ഇടിയോ, അടിയോ ഏറ്റിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതുമായിരുന്നു പൊലീസ് സർജന്റെ പ്രാഥമിക റിപ്പോർട്ട്. സിസി ടിവി പരിശോധനയിൽ മദ്യപിക്കാൻ മൂന്നാമൻ ഉണ്ടായില്ലെന്നും വ്യക്തമായി. തുടർന്ന് അശ്വിനെ കസ്‌റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ആയുധങ്ങളോ മറ്റ് തെളിവുകളോ പുറത്ത് നിന്ന് കണ്ടെത്തേണ്ട സാഹചര്യമില്ലാത്തതിനാലും കൊവിഡിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചും അശ്വിനെ കസ്റ്റഡിയിൽ വാങ്ങുന്നകാര്യത്തിൽ തീരുമാനമായിട്ടില്ല. മൊഴികളും മറ്റ് തെളിവുകളും പരിശോധിച്ച ശേഷം ആവശ്യമെന്ന് കണ്ടാൽ മാത്രം കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് അന്വഷണ സംഘം ആലോചിക്കുന്നത്.