തിരുവനന്തപുരം: ശബരിമല വിഷയത്തിൽ തന്ത്രിയുടെ നിലപാട് സർക്കാർ അംഗീകരിച്ചേക്കുമെന്ന് സൂചന. മിഥുനമാസ പൂജകള്‍ക്ക് നടതുറക്കുമ്പോള്‍ തീര്‍ഥാടകരെ അനുവദിക്കരുതെന്നും ഉത്സവം മാറ്റിവയ്ക്കണമെന്നുമാണ് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ ആവശ്യം. തീര്‍ത്ഥാടകരെ അനുവദിക്കരുതെന്നാവശ്യപ്പെട്ട് തന്ത്രി കഴിഞ്ഞ ദിവസം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു.
ഞായറാഴ്ച ക്ഷേത്രം തുറക്കാനിരിക്കെയായിരുന്നു തന്ത്രിയുടെ നിര്‍ദേശം. കൊവിഡ് ഭീഷണി തുടരുന്നതിനാല്‍ തത്കാലം ഭക്തജനസാന്നിധ്യം ഒഴിവാക്കണമെന്നാണ് ദേവസ്വം കമ്മിഷണര്‍ക്കുള്ള കത്തില്‍ തന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. 19 -ന് തുടങ്ങുന്ന ഉത്സവത്തില്‍ ജനപങ്കാളിത്തം ഉണ്ടാകുമെന്നതിനാല്‍ ഉത്സവച്ചടങ്ങുകള്‍ മാറ്റിവയ്ക്കണം. ഉത്സവം ചടങ്ങ് മാത്രമാക്കിയാലും പരികര്‍മികളും സഹായികളുമൊക്കെയായി കുറച്ചുപേര്‍ വേണ്ടിവരും. ഇവരിലാര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ എല്ലാവരും നിരീക്ഷണത്തിലാകും. മേല്‍ശാന്തിമാര്‍ മലയിറങ്ങാത്ത പുറപ്പെടാശാന്തിമാരാണെന്നതും ശ്രദ്ധിക്കേണ്ടതാണെന്ന് തന്ത്രി സർക്കാരിനെ അറിയിച്ചു.
മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കേണ്ട എന്ന നിലപാടില്‍ തന്ത്രി ഉറച്ചുനിന്നാല്‍ ദര്‍ശനം വേണ്ടെന്നുവയ്ക്കാൻ തന്നെയാണ് സർക്കാരും ആലോചിക്കുന്നത്. അതല്ലാതെ സർക്കാരിന് മുന്നിൽ മറ്റ് വഴികളില്ല. തന്ത്രിയുടെ നിലപാട് സർക്കാർ എതിർത്താൽ അത് വിവാദങ്ങൾക്ക് വഴിവയ്ക്കും. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന് പതിനൊന്നരയോടെ ഉണ്ടാകും.