തിരുവനന്തപുരം: കുടിശിക വാറ്ര് നികുതിയിൽ ഇളവ് (ആംനസ്റ്രി) അനുവദിക്കുന്ന പദ്ധതിയിൽ ഓരോ വർഷത്തെയും കേസുകൾ പ്രത്യേകം പരിഗണിക്കണമെന്ന് വ്യാപാരികൾ. സർക്കാർ പ്രഖ്യാപിച്ച പദ്ധതി പ്രകാരം കുടിശിക നികുതിയുടെ 50 ശതമാനം നൽകിയാൽ മതി. പിഴയും പലിശയും ഈടാക്കില്ല. ആംനസ്റ്രി തുക ഒരുമിച്ചടച്ചാൽ 40 ശതമാനം മതി. എന്നാൽ, ഇതുവരെയുള്ള വർഷങ്ങളിലെ കേസുകൾ ഒന്നിച്ചു പരിഗണിക്കും.

ഒന്നിച്ചു പരിഗണിക്കുന്നതിനോടാണ് വ്യാപാരികൾക്ക് വിയോജിപ്പ്. വ്യാപാരികളുടെ വാദം ഇങ്ങനെ: 2014-15ൽ പത്ത് ലക്ഷം രൂപ നികുതിയും അതിന്റെ പലിശയും പിഴയും അടയ്ക്കേണ്ട വ്യാപാരി 4 ലക്ഷം രൂപ അടച്ചാൽ മറ്ര് നടപടികളിൽ നിന്നൊഴിവാകും. ഇതേ വ്യാപാരിക്ക് 2015-16ൽ 20 ലക്ഷം രൂപയടയ്ക്കണമെന്ന് നോട്ടീസ് ലഭിക്കുകയും അതിനോട് വിയോജിക്കുകയും ചെയ്താൽ പദ്ധതിയുടെ പ്രയോജനം കിട്ടില്ല. ഓരോ വർഷത്തെയും കണക്ക് പ്രത്യേകം പരിഗണിച്ചാൽ ഈ പോരായ്മ പരിഹരിക്കാം. നികുതി നോട്ടീസിന് മറുപടി നൽകാനും അവരുടെ ഭാഗം ബോദ്ധ്യപ്പെടുത്താനും അവസരം ഉണ്ടെന്നാണ് നികുതി വകുപ്പിന്റെ നിലപാട്.

''ആംനസ്‌റ്റി പദ്ധതിയിൽ ചേരാനുള്ള അവസാന തീയതി സെപ്തംബർ 30ൽ നിന്ന് നീട്ടണം. ലോക്ക്ഡൗണിൽ കച്ചവടം നഷ്ടപ്പെട്ടവരാണ് വ്യാപാരികൾ. ഒരു വർഷത്തേക്ക് ആംനസ്റ്രി സ്‌കീം നീട്ടണം"".

എസ്.എസ്. മനോജ്,

സംസ്ഥാന സെക്രട്ടറി,

വ്യാപാരി വ്യവസായി ഏകോപന സമിതി.