aaa

നെയ്യാറ്റിൻകര: കൊവിഡ് കാലം തുടങ്ങിയതോടെ ജില്ലയിലെ മത്സ്യ വിപണിക്കും കഷ്ടകാലം ആരംഭിച്ചിരിക്കുകയാണ്. ജൂൺ 9 മുതൽ ട്രോളിംഗ് നിരോധനവും ആരംഭിച്ചിട്ടുണ്ട്. സാധാരണ ട്രോളിംഗ് നിരോധന സമയത്ത് മത്സ്യ കച്ചവടം വർദ്ധിക്കാറാണ് പതിവ്. എന്നാൽ ഇത്തവണ അത് പകുതിയായി ഇടിഞ്ഞു. മത്സ്യത്തിന്റെ ലഭ്യത വിപണികളിൽ കുറഞ്ഞതോടെ വില കുത്തനെ ഉയർന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നും ലോറിയിൽ ചെക്ക്പോസ്റ്റ് കടന്നുള്ള മത്സ്യ വരവ് കുറഞ്ഞതോടെയാണ് വിഴിഞ്ഞം വിപണിയെ മാത്രം ആശ്രയിച്ചുള്ള മത്സ്യത്തിന് വില ഉയർന്നത്. നിബന്ധനകൾ അനുസരിച്ച് മത്സ്യബന്ധനത്തിനും കച്ചവടത്തിനുമൊക്കെ നിയന്ത്രണം വന്നതോടെ ഉള്ള വിപണിയും ഇല്ലാതായി. നെയ്യാറ്റിൻകരയിലേക്ക് മീനുമായി എത്തിയിരുന്ന ലോറിയിൽ മുപ്പത് ശതമാനം ലോറികൾ മാത്രമാണ് ഇപ്പോൾ എത്തുന്നത്. സൈക്കിളിലും,​ സ്‌കൂട്ടറിലും,​ ഓട്ടോയിലുമൊക്കെ മീൻ കച്ചവടം നടത്തുന്ന ചെറുകിട വില്പനക്കാരെയും പ്രതിസന്ധി നന്നേ വലച്ചു. നെയ്മീൻ എന്ന വ്യാജേന ഇതര സംസ്ഥാനങ്ങളിൽ നിന്ന് അതിനോട് സാദൃശ്യമുള്ള മീനുകൾ എത്തിച്ച് വില്പന നടത്തി ചിലർ തട്ടിപ്പ് നടത്തുന്നതായും വ്യാപാരികൾ പറയുന്നു. ചെലവു കൂടുതലുള്ള ഐസിനു പകരം ഫോർമലിൻ ചേർത്താൽ മീൻ നാലു ദിവസംവരെ സംസ്‌കരിച്ചു വക്കാമെന്നതാണ് അന്യ സംസ്ഥാനത്തു നിന്നും വ്യാജമത്സ്യം കൊണ്ട് വരുന്ന ഇത്തരം തട്ടിപ്പുകാരെ ആകർഷിക്കുന്നത്. മീനിൽ രാസവസ്തുക്കളുടെ സാന്നിധ്യം പരിശോധിക്കാനുള്ള സ്ട്രിപ്പുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗത്തിൽ എത്താത്തത് പരിശോധന കുറയാൻ കാരണമായി. മത്സ്യത്തിൽ ഫോർമാലിന്റെ അംശം പരിശോധിക്കുന്നതിന് ഇപ്പോൾ സാമ്പിളെടുത്ത് തിരുവനന്തപുരം ലാബിലേക്ക് അയയ്ക്കുകയാണ് ചെയ്യുന്നത്. പ്രധാന ചെക്ക്‌പോസ്​റ്റുകളിൽ മാത്രമാണ് ഇപ്പോൾ മീൻ ലോഡിന്റെ പരിശോധന നടത്തുന്നത്. പരാതികൾ ഉണ്ടെങ്കിലേ പരിശോധനയുമുള്ളു.

 മത്സ്യം ചീഞ്ഞ് പോകാതിരിക്കാൻ ഉപയോഗിക്കുന്ന രാസപദാർത്ഥങ്ങളാണ് ഫോർമാലിൻ,​ അമോണിയ എന്നിവ. അമോണിയ ഐസിലാണ് ഉപയോഗിക്കുന്നത്. ഐസിൽ അമോണിയ ചേർത്ത് കഴിഞ്ഞാൽ ഐസ് ഉരുകുന്നത് വളരെ സാവധാനത്തിലായിരിക്കും. ഉൾക്കടലിൽ നിന്നും പിടിക്കുന്ന മത്സ്യം തീരത്തേക്ക് എത്താൻ വൈകും. ഈകാലയളവിൽ മത്സ്യം കേടാകാതിരിക്കാനാണ് ഫോർമാലിൻ ചേർക്കുന്നത്. ഇവ ആരോഗ്യത്തിനു സുരക്ഷിതമല്ല. ഉയർന്ന തോതിലുള്ള വിഷാംശംമാണ് ഈ രാസവസ്തുക്കളിൽ അടങ്ങിയിരിക്കുന്നത്. അൾസറിനും,​ കാൻസറിനും വരെ കാരണമാകാം.

മത്സ്യം നോക്കി വാങ്ങാം

നല്ല മീനിന് വൃത്താകൃതിയുള്ളതും തിളങ്ങുന്നതും തെളിച്ചമുള്ളതുമായ കണ്ണുകളായിരിക്കും. തിളക്കമില്ലാതെ, കുഴിഞ്ഞിരിക്കുന്നതും ഇളം നീലനിറമുള്ളതുമായ കണ്ണുകൾ മീൻ പഴകിത്തുടങ്ങിയതിന്റെ ലക്ഷണമാണ്. ചെകിളപ്പൂവു നല്ല രക്തവർണമാണെങ്കിൽ മീൻ പഴകിയിട്ടില്ല. മീനിന്റെ ആന്തരികാവയവങ്ങൾ നീക്കം ചെയ്യുമ്പോൾ വരുന്ന രക്തം നല്ല ചുവപ്പു നിറമാണെങ്കിലും മീൻ പുത്തനാണെന്ന് ഉറപ്പിക്കാം.

മാംസത്തിൽ വിരൽ കൊണ്ടമർത്തിയാൽ ദൃഢത ഉണ്ടെങ്കിൽ നല്ല മീനും മാസം താണു പോകുന്നുവെങ്കിൽ പഴകിയതുമാണ്. ചീഞ്ഞു തുടങ്ങിയ മീനിന് കനത്തതും അമോണിയയുടേതിനു സമാനവുമായ ഗന്ധമുണ്ടാകും. മത്സ്യം ശുചിയാക്കുവാൻ ചെതുമ്പലുകൾ പൂർണമായി നീക്കുക, തൊലിനീക്കേണ്ട മീനുകളുടെ തൊലി നീക്കുക, മൂന്നു പ്രാശ്യമെങ്കിലും ഉപ്പുവെള്ളത്തിൽ കഴുകുക എന്നീ മുൻകരുതലുകളും സ്വീകരിക്കുക.

നെയ്യാറ്റിൻകര ടി.ബി ജംഗ്ഷനിലെ ചന്തയിൽ ദിനംപ്രതി 200ലേറെ ലോറികളാണ് മത്സ്യവുമായി എത്തിയിരുന്നത്. ഇതിൽ 30 ശതമാനത്തോളം ലോറികൾ മാത്രമാണ് ഇപ്പോൾ എത്തുന്നത്.

 തദ്ദേശീയമായ കടലോരത്ത് നിന്നും മത്തി,​ അയല,​ നെത്തോലി തുടങ്ങി ഏതാനും ചെറുമീനുകൾ മാത്രമാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത്.

 ട്രോളിംഗ് തുടങ്ങിയതോടെ ചൂരയും,​ കണവയും വിപണിയിൽ കൂടുതലായി എത്തുന്നുണ്ട്.