ആലപ്പുഴ : അഭിഭാഷകന്റെ ഭാര്യമാതാവിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അഭിഭാഷകൻ ഹാജരായ മാവേലിക്കര കുടുംബകോടതിയിലും ജില്ലാ കോടതിയിലും നിയന്ത്രണങ്ങൾ കർശനമാക്കി.ചെങ്ങന്നൂർ സ്വദേശിയായ അഭിഭാഷകൻ ഇക്കഴിഞ്ഞ മൂന്നാം തീയതി കേസിന്റെ വിസ്താരത്തിന് മാവേലിക്കര കുടുംബ കോടതിയിൽ എത്തിയതിന് പിന്നാലെയാണ് വിദേശത്ത് നിന്നെത്തി ക്വാറന്റീനിലായിരുന്ന ഭാര്യാ മാതാവിന് കൊവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഭാര്യാമാതാവിനെ ചികിത്സകൾക്കായി സ്വന്തം കാറിൽ കൊണ്ടുപോകുകയും അതേ വീട്ടിൽ താമസിക്കുകയും ചെയ്യുന്നതിനിടെയാണ് അഭിഭാഷകൻ കോടതികളിൽ എത്തിയത്. ഭാര്യാമാതാവിന് രോഗം സ്ഥിരീകരിച്ചതോടെ അഭിഭാഷകൻ ഇന്നലെ മുതൽ ക്വാറന്റീനിൽ പോയി.
ആലപ്പുഴ ജില്ലാ കോടതിയിലും അഡീഷനൽ മുൻസിഫ് കോടതിയിലും അഭിഭാഷകൻ ഇക്കഴിഞ്ഞ എട്ടിന് ഹാജരായിരുന്നു. ഇതേ തുടർന്ന് അഗ്നിരക്ഷാ സേനയെത്തി കോടതി ഹാൾ അണുവിമുക്തമാക്കി. അഭിഭാഷകന്റെ കൊവിഡ് പരിശോധനാ ഫലം ഇന്ന് ലഭിച്ചശേഷം കോടതിയിൽ കൂടുതൽ നിയന്ത്രണം വേണ്ടിവരുമോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാകും.