pic

തിരുവനന്തപുരം: ര‍ഞ്ജി ട്രോഫി ക്രിക്കറ്റ് താരം ജയമോഹൻ തമ്പിയെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ മൂത്തമകൻ അശ്വിന്റെ ജീവിതം തുലച്ചത് മദ്യം. അമിത മദ്യപാനത്തിനിരയായി ഗൾഫിൽ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ അശ്വിൻ മദ്യലഹരിയിൽ സ്വന്തം അച്ഛനെ മർദ്ദിച്ച് കൊലപ്പെടുത്തുക കൂടി ചെയ്തതോടെ ജീവിതം ജയിലിലുമായി.

കോളേജ് പഠനകാലത്ത് തമാശയ്ക്ക് തുടങ്ങിയതാണ് അശ്വിന്റെ മദ്യപാനം. പിതാവ് ജയമോഹൻ തമ്പിയും മദ്യപിക്കാറുള്ളതിനാൽ അശ്വിന്റെ മദ്യപാനശീലത്തിന് വീട്ടിൽ വിലക്കുകളുണ്ടായില്ല. ആദ്യമൊക്കെ ആഘോഷവേളകളിലും മറ്റുമായിരുന്നു മദ്യസേവയെങ്കിൽ പിന്നീട് അതൊരു ശീലമായി മാറി. സുഹൃത്തുക്കളുമായി സംഘം ചേർന്ന് നാട്ടിൽ നല്ലൊരു കുടിയനായി തുടരുന്നതിനിടെയായിരുന്നു അശ്വിന്റെ വിവാഹം. ജീവിതത്തിൽ കൂട്ടിന് ഒരാളെത്തിയിട്ടും മദ്യവുമായുള്ള ചങ്ങാത്തം ഉപേക്ഷിക്കാൻ അശ്വിൻ തയ്യാറായില്ല. ഉപദേശങ്ങളൊന്നും ഫലിക്കാതായപ്പോൾ ജോലികണ്ടെത്തി ഗൾഫിലേക്ക് അയക്കാൻ തീരുമാനിച്ചു. കുവൈറ്റിൽ ജോലി ശരിയായതോടെ അശ്വിൻ അവിടേക്ക് പോയി. ഗൾഫിൽപോയിട്ടും സ്വഭാവത്തിൽ മാറ്റമൊന്നുമുണ്ടായില്ല. ജോലി സ്ഥലത്തും റൂമിലും രാപകൽ മദ്യപാനം പതിവാക്കിയതോടെ സമയത്ത് ജോലിക്കെത്താത്തതുൾപ്പെടെ പല കാരണങ്ങളാൽ അശ്വിന് ജോലി നഷ്ടപ്പെട്ടു.

തിരിച്ചെത്തിയ ശേഷവും മദ്യപിച്ചു ബഹളമുണ്ടാക്കുന്നതു പതിവായി. അമിത മദ്യപാനം കാരണം അശ്വിന്റെ ഭാര്യ മാസങ്ങൾക്ക് മുമ്പേ സ്വന്തം വീട്ടിലേക്ക് പോയി. ജയമോഹൻ തമ്പിയുടെ എ.ടി.എം. കാർഡും ക്രെഡിറ്റ് കാർഡുമെല്ലാം അശ്വിനാണ് ഉപയോഗിച്ചിരുന്നത്. അ‌ച്ഛന്റെ പെൻഷനുള്ളതിനാൽ ജോലിക്ക് പോയില്ലെങ്കിലും അശ്വിന്റെ പക്കൽ പണത്തിന് കുറവുണ്ടായിരുന്നില്ല. മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് പതിവായതോടെ അശ്വിനെ ഇടയ്ക്ക് ലഹരിവിമുക്ത കേന്ദ്രത്തിലും പ്രവേശിപ്പിച്ചിരുന്നു. മടങ്ങിയെത്തി വീണ്ടും മദ്യപാനം തുടങ്ങി. ശല്യം കൂടിയപ്പോൾ സഹികെട്ട് കുറച്ചു ദിവസം വീട്ടിൽപൂട്ടിയിട്ടു. പക്ഷേ, ഇതുകൊണ്ടൊന്നും ഫലമില്ലാതായതോടെ അശ്വിന്റെ ഇളയ സഹോദരൻ അടക്കമുള്ളവർ ഈ വീട്ടിലേക്കു വരാതായി.അച്ഛനുമായി തർക്കവും കയ്യാങ്കളിയും ഉണ്ടാവുമ്പോൾ അശ്വിൻ സഹോദരനെയും ബന്ധുക്കളെയും വിളിച്ചുപറയാറുണ്ട്. സംഭവദിവസം ജയമോഹൻ തമ്പിയെ ഇടിച്ചിട്ടശേഷവും സഹോദരനെ വിളിച്ച് വിവരം പറഞ്ഞു. എന്നാൽ, സ്ഥിരം പരാതിയാണെന്ന് കരുതി സഹോദരൻ ആഷിക് കാര്യമാക്കിയില്ല. അൽപ്പം കഴിഞ്ഞ് തിരിച്ചു വിളിച്ചപ്പോഴേക്കും അശ്വിന്റെ മൊബൈൽ സ്വിച്ച് ഓഫായിരുന്നു.

ലോക്ക് ഡൗണിന് ശേഷം മദ്യക്കടകൾ തുറന്നത് മുതൽ എല്ലാ ദിവസവും തുടർച്ചയായി മദ്യപിച്ചിരുന്നുവെന്നും അവസാനത്തെ മൂന്നുനാലു ദിവസം ആഹാരം പോലും ഇവർ കഴിച്ചിരുന്നില്ലെന്നുമാണ് അശ്വിൻ പൊലീസിനോടു പറഞ്ഞത്. വീടിനു സമീപത്തുള്ള ചിലരാണ് ഇവർക്കു മദ്യം വാങ്ങി നൽകിയിരുന്നത്. പത്തു ദിവസമായി രാവിലെ മുതൽ തുടർച്ചയായി മദ്യലഹരിയിലായിരുന്നു ജയമോഹൻ തമ്പിയും അശ്വിനുമെന്ന് പ്രദേശവാസികൾ പറയുന്നു. ചില സുഹൃത്തുക്കളും മദ്യപിക്കാനായി ഈ വീട്ടിലെത്തിയിരുന്നു. ജയമോഹൻ തമ്പിയെ അപായപ്പെടുത്തിയശേഷവും അശ്വിൻ വീണ്ടും മദ്യം വാങ്ങി വന്ന് വീട്ടിലിരുന്നു കുടിച്ചു. വൈകിട്ട് അല്പം ബോധം വന്നപ്പോൾ അടുത്ത വീട്ടിൽ പോയി ആംബുലൻസ് വിളിക്കാൻ സഹായം തേടി. എന്നാൽ, മദ്യലഹരിയിലായിരുന്ന അശ്വിന്റെ വാക്കുകൾ ആരും മുഖവിലയ്‌ക്കെടുത്തില്ല.

തുടർന്ന് വീണ്ടും മദ്യപിക്കാൻ ആരംഭിച്ച അശ്വിൻ, മരണവിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴും അബോധാവസ്ഥയിലായിരുന്നു. ദിവസങ്ങളോളം തുടർച്ചയായി മദ്യപിക്കുകയായിരുന്നുവെന്ന് പൊലീസിനോട് സമ്മതിച്ച ഇയാൾക്ക് കഴിഞ്ഞ ദിവസം സംഭവിച്ച പല കാര്യങ്ങൾ സംബന്ധിച്ചും ഓർമ്മയില്ലെന്നാണ് ചോദ്യം ചെയ്യലിൽ പ്രതികരിച്ചത്.