pic

കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് പേർ മുങ്ങി മരിച്ചു. മലപ്പുറം എടക്കരയിലെ ചെമ്മന്തിട്ടയിൽ വിദ്യാർത്ഥിയായ ആസിഫ്, കോഴിക്കോട് കൂടരഞ്ഞിയിൽ കൊമ്മം സ്വദേശി ഷമീർ എന്നിവരാണ് ഒഴുക്കിൽപ്പെട്ടു മരിച്ചത്. മലപ്പുറം എടക്കരയിലാണ് പുഴയിൽ കുളിക്കാനിറങ്ങിയ ആസിഫ് എന്ന പതിനഞ്ചുകാരൻ മുങ്ങി മരിച്ചത്. ചെമ്മന്തിട്ട കാറ്റാടി കടവിൽ പുഴയിലാണ് സംഭവം. കോഴിക്കോട്ട് താഴെ കൂടരഞ്ഞി കൊമ്മം സ്വദേശി ഷമീറാണ് മരിച്ച മറ്റൊരാൾ . 32 വയസായിരുന്നു. കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കില്‍പെട്ടതാണെന്നാണ് കരുതുന്നത്. യുവാവ് കുളിക്കാനിറങ്ങാറുള്ള കടവില്‍ നിന്നും 150 മീറ്റർ താഴെ നിന്നാണ് മൃതദേഹം ലഭിച്ചത്. ഷമീറിനെ കാണാതാതിനെ തുടര്‍ന്ന് മുക്കം ഫയർ ഫോഴ്സും പൊലീസും നാട്ടുകാരും പുലര്‍ച്ചെ മുതല്‍ തിരച്ചിലിലായിരുന്നു.

അതേസമയം മലപ്പുറം താനൂരിൽ മത്സ്യത്തൊഴിലാളിയായ സലാമിനെ തോണി മറിഞ്ഞു കാണാതായി. തോണിയിൽ കടലിൽ മത്സ്യബന്ധനം നടത്താൻ പോയ മത്സ്യത്തൊഴിലാളിക്ക് വേണ്ടിയും തിരച്ചിൽ തുടരുകയാണ്. താനൂ‍‍ർ കണ്ണപ്പൻ്റെ പുരക്കൽ സലാമിനെയാണ് തോണി മറിഞ്ഞ് കാണാതായത്.