തിരുവനന്തപുരം- സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് പുനരന്വേഷിക്കാൻ പതിനാറംഗ ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ച് ഉത്തരവായി.ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐ.ജിയുടെ മേൽനോട്ടത്തിൽ ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി പ്രശാന്തൻ കാണിക്കാണ് അന്വേഷണച്ചുമതല.തിരുവനന്തപുരം യൂണിറ്റ് എസ്.പി എ.ഷാനവാസ് കേസിൽ സഹായിക്കും. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി നിർദ്ദേശം നൽകി.ജനനേന്ദ്രിയം മുറിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഉന്നതർക്ക് അടക്കം ഇതിൽ പങ്കുണ്ടെന്നുമുള്ള വിലയിരുത്തലിന്റെയും ചില സംശയങ്ങളുടെയും അടിസ്ഥാനത്തിലാണ് കേസിൽ സമഗ്രഅന്വേഷണത്തിന് ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
നേരത്തെ കേസ് അന്വേഷിച്ചിരുന്ന തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റിന്റെ ശുപാർശ പ്രകാരമാണ് അന്വേഷണ സംഘം വിപുലീകരിച്ചത്. രണ്ട് എസ്.പിമാരും, ഒരു ഡി.വൈ.എസ്.പിയും അടങ്ങുന്നതാണ് അന്വേഷണ സംഘം. സ്വാമിയെ മാത്രം പ്രതിയാക്കിയ പൊലീസ് അന്വേഷണത്തിൽ ഒട്ടേറെ വീഴ്ചകളുണ്ടെന്ന് പുനരന്വേഷണം ശുപാർശചെയ്തുള്ള ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു.
2017 മെയ് 19 രാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്വാമി ലൈംഗിക അതിക്രമത്തിന് ശ്രമിച്ചപ്പോൾ 23കാരിയായ എൽഎൽബി വിദ്യാർത്ഥിനി സ്വയരക്ഷയ്ക്കായി ചെയ്തെന്നായിരുന്നു പരാതി. പ്രായപൂർത്തിയാകും മുമ്പ് മുതൽ ഗംഗേശാനന്ദ പീഡിപ്പിച്ചിട്ടുണ്ടെന്നും പെൺകുട്ടി മൊഴി നൽകിയിരുന്നു. പിന്നീട് ആദ്യമൊഴി തിരുത്തുകയും പരാതി പിൻവലിക്കുകയും ചെയ്തു. ആക്രമിച്ചത് സ്വന്തം സഹായിയാണെന്നും ഉന്നത ഉദ്യോഗസ്ഥർക്ക് ഈ സംഭവത്തിൽ പങ്കുണ്ടെന്നും ആരോപിച്ച് പിന്നീട് സ്വാമിയും പരാതി നൽകി. പെൺകുട്ടിയുടെ പരാതിയിൽ പേട്ട പൊലീസായിരുന്നു ആദ്യം അന്വേഷണം നടത്തിയത്. പെൺകുട്ടിയുടെ മൊഴി പ്രകാരം സ്വാമിയെ മാത്രം പ്രതിയാക്കിയായിരുന്നു കേസ്. ഇതെല്ലാം ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിക്കും.