p-harihara-iyyer

തിരുവനന്തപുരം: ഔദ്യോഗിക ജീവിതത്തിലും പൊതുസമൂഹത്തിലും പുലർത്തിയിരുന്ന സത്യസന്ധതയും കൃത്യനിഷ്ഠയും കൊണ്ട് ഏവർക്കും പ്രിയങ്കരനായിരുന്ന സർക്കാർ ഉദ്യോഗസ്ഥന്റെ സ്മരണയ്ക്കായി തലസ്ഥാന നഗരിയിൽ ഒരു എൻ.ജി.ഒ ക്വാർട്ടേഴ്സുണ്ട്. ആതാണ് പി.എം.ജിയിലുള്ള ഹരിഹർ നഗർ. സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന എച്ച്. പരമേശ്വരയ്യറുടെ മകനായ ഹരിഹര അയ്യർ പൊതുമരാമത്ത് വകുപ്പിൽ ജൂനിയർ എൻജിനിയർ ആയിരിക്കെ 1969ൽ ഹൃദയാഘാതം മൂലമാണ് മരിച്ചത്. അനുശോചന സമ്മേളനത്തിൽ വെച്ച് അന്നത്തെ പൊതുമരാമത്ത് മന്ത്രി ടി.കെ. ദിവാകരനാണ് എൻ.ജി.ഒ ക്വാട്ടേഴ്സിന് ഹരിഹർ നഗർ എന്ന പേര് നൽകിയത്. കേരളത്തിൽ തന്നെ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ പേരിൽ ഇത്തരം ഒരു എൻ.ജി.ഒ ക്വാട്ടേഴ്സ് വിരളമാണ്. കരമനയിലാണ് ഹരിഹര അയ്യരുടെ കുടുംബവീട്. ഭാര്യ രമണി ഹരിഹരൻ 2019 ജൂലായ് 27ന് മരിച്ചു. മക്കൾ: പരമേശ്വരൻ, ജനേഷ്, സരസ്വതി, രാമകൃഷ്ണൻ, എച്ച്.ആർ.എസ്. മണി, ലക്ഷ്മി. തങ്ങളുടെ അച്ഛന്റെ പേരിൽ ഇത്തരത്തിൽ ഒരു ക്വാർട്ടേഴ്സ് തലസ്ഥാനത്ത് നിലനിൽക്കുന്നതിൽ മക്കൾക്കും അഭിമാനമാണ്.