pic

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡിൽ രണ്ടുപേർ ജീവനൊടുക്കിയ സംഭവത്തിൽ ആരോഗ്യമന്ത്രി മെഡിക്കൽ കോളേജ് അധികൃതരെ വിളിച്ചുവരുത്തി ശാസിച്ചു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡിൽ ആറുമണിക്കൂറിനിടെയാണ് രണ്ടുപേരാണ് മരിച്ചത്. മദ്യാസക്തി കാരണമുള്ള അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്ന ഇരുവരേയും നിരീക്ഷിക്കുന്നതിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് ആക്ഷേപം.

ആദ്യം തൂങ്ങി മരിച്ച ആനാട് സ്വദേശിയായ സജികുമാർ ചൊവ്വാഴ്ച ഐസൊലേഷൻ വാർഡിൽ നിന്ന് ആശുപത്രി വേഷത്തിൽ ചാടിപ്പാേയിരുന്നു. ആനാടെത്തിയ ഇയാളെ നാട്ടുകാരും പൊലീസും ചേർന്ന് തടഞ്ഞുവച്ചാണ് തിരികെ ആശുപത്രിയിലെത്തിച്ചത്. അടുത്തിടെ കൊവിഡ് ലക്ഷണങ്ങളോടെ എത്തിയ പ്രവാസിയെ പരിശോധനാഫലം വരുന്നതിനുമുമ്പ് വീട്ടിലേക്ക് വിട്ടത് വൻ വിവാമായിരുന്നു. ഇതിന് തൊട്ടുപിന്നാലെ കൊവിഡ് മൂലം മരിച്ച വൈദികന്റെ സ്രവപരിശോധന വൈകിയതും വിവാദമായിരുന്നു. നേരത്തേയും ഇവിടെ നിന്ന് കൊവിഡ് രോഗികൾ ചാടിപ്പോയിരുന്നു.ഇപ്പോഴും മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡിൽ സുരക്ഷാ സംവിധാനം കാര്യക്ഷമമല്ലെന്ന് ആക്ഷേപമുണ്ട്. അതിനിടെ വിഷയത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷവും ബി.ജെ.പിയും ആക്രമണം ശക്തമാക്കിയിട്ടുണ്ട്