anju-shaji-

പരീക്ഷാവേളയിലെ കോപ്പിയടി എല്ലാക്കാലത്തുമുണ്ട്. അതിന്റെ രൂപഭാവങ്ങൾ കാലത്തിനൊത്ത് മാറുന്നുവെന്ന് മാത്രം. പി.എസ്.സി പരീക്ഷയിലെ കോപ്പിയടിയും അതിനെ ചൊല്ലിയുള്ള വിവാദങ്ങളും മറക്കാറായിട്ടില്ല.

എല്ലാ കുട്ടികൾക്കും ഒരേ ബുദ്ധിയും സാമർത്ഥ്യവും ഉണ്ടാകണമെന്നില്ല. ജന്മനാ തന്നെ അതിൽ വ്യത്യാസമുണ്ടാകും. ഒരു അദ്ധ്യാപകന് ഓരോ കുട്ടിയുടെയും നിരീക്ഷണ ബുദ്ധിയും ഓർമ്മശക്തിയും എളുപ്പത്തിൽ മനസിലാകും. ഉത്തരങ്ങൾ അറിയാത്തതുകൊണ്ടാണ് ചില കുട്ടികളെങ്കിലും കോപ്പിയടിക്കുക എന്ന തരം താണ രീതിയിലേക്ക് പോകുന്നത്. അതു പ്രോത്സാഹിപ്പിക്കേണ്ടതില്ല. എന്നാൽ ആ കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപകർക്കും അതിൽ ഒരു പങ്കുണ്ട്.

എല്ലാം നമ്മുടെ മക്കളാണെന്ന ചിന്ത അദ്ധ്യാപകർക്കുണ്ടാകണം. ചെറിയ ചെറിയ തെറ്റുകൾ കാണിക്കുമ്പോൾ അതിനെ സൗമനസ്യത്തോടെ ശാസിക്കണം. തിരുത്താൻവേണ്ടിയായിരിക്കണം ആ ശാസന. അല്ലാതെ കുരുതി കൊടുക്കാനാകരുത്. പത്താം ക്ളാസ് കഴിഞ്ഞാലും സ്വന്തം പേരു പോലും നേരേ ചൊവ്വേ എഴുതാനറിയാത്ത കുട്ടികളുണ്ട്. ശരിയായി അക്ഷരം പഠിക്കാത്തതുകൊണ്ടാണത്. അവരെ ശാസ്ത്രീയമായി പഠിപ്പിക്കാനുള്ള സംവിധാനം ഇപ്പോൾ നമുക്കില്ല.

ഗുരു - ശിഷ്യ ബന്ധത്തിൽ വലിയ വിള്ളലുകൾ വീണിരിക്കുന്നു എന്ന് അടുത്തകാലത്തുണ്ടാകുന്ന പല സംഭവങ്ങളും തെളിയിക്കുന്നു. വലിയ കെട്ടിടങ്ങളോ ആധുനിക സൗകര്യങ്ങളോ അല്ല ഒരു നല്ല സ്കൂളിനു വേണ്ടത്. സന്മനസുള്ള അദ്ധ്യാപകർ വേണം. അവരുടെ ഉള്ളിൽ അല്പം വാത്സല്യവും സ്നേഹവും അനുകമ്പയും ഉണ്ടാകണം. അതുണ്ടായാൽ ജിഷ്ണുപ്രണോയിമാരുണ്ടാകില്ല. അഞ്ജു പി. ഷാജിമാരുണ്ടാകില്ല. ഒരു കൊച്ചു കുട്ടിയുടെ ചാപല്യം അതിന്റെ ജീവനാശത്തിലേക്ക് വഴിതെളിച്ചതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് അദ്ധ്യാപകർക്കും അധികൃതർക്കും ഒഴിഞ്ഞുമാറാനാകുമോ?

എ. സുരേഷ്

തിരുവനന്തപുരം