editorial-

സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിക്കും ഏറെ അനിവാര്യമായതും നിലവിലെ സാഹചര്യങ്ങളിൽ തീർത്തും അനാവശ്യവുമായ രണ്ടു പദ്ധതികളാണ് മലയാളി സമൂഹത്തിന്റെ ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം. തിരുവനന്തപുരം - കാസർകോട് അതിവേഗ റെയിൽ പദ്ധതിയെയും അതിരപ്പിള്ളി വൈദ്യുത പദ്ധതിയെയും കുറിച്ചാണ് പരാമർശം. ഏറെ നാളായി പറഞ്ഞുകൊണ്ടിരിക്കുന്ന തിരുവനന്തപുരം - കാസർകോട് അതിവേഗ റെയിൽ (സിൽവർ ലൈൻ) പദ്ധതിക്ക് കഴിഞ്ഞ ദിവസം സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയതോടെ ഇതുമായി ബന്ധപ്പെട്ട അടുത്ത ഘട്ടത്തിലേക്കു കടക്കാമെന്ന നിലയിലായിട്ടുണ്ട്. ജനങ്ങൾ അതീവ താത്‌പര്യത്തോടെ കാത്തിരിക്കുന്നതാണ് ഈ സ്വപ്ന പദ്ധതിയുടെ പൂർത്തീകരണം. റെയിൽ വികസനം ഏറ്റവും പരിമിതമായ തോതിൽ മാത്രം നടന്നിട്ടുള്ള കേരളത്തിൽ സിൽവർ ലൈൻ പോലുള്ള പുതിയൊരു വേഗപാത വന്നുകാണാൻ എത്രയോ കാലമായി ജനങ്ങൾ ആഗ്രഹിക്കുന്നതാണ്. തിരുവനന്തപുരത്തുനിന്ന് കാസർകോട്ടെത്താൻ നാലു മണിക്കൂറിൽ താഴെയേ വേണ്ടിവരൂ എന്ന സാദ്ധ്യത യാത്രാക്ളേശത്തിൽപ്പെട്ടു നട്ടം തിരിയുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം അവിശ്വസനീയം തന്നെയാണ്. സംശയങ്ങളും ആശങ്കകളും ഏറെയുണ്ടെങ്കിലും പ്രതിബന്ധങ്ങളെല്ലാം തരണം ചെയ്ത് സിൽവർ ലൈനിലൂടെ ട്രെയിൻ കുതിച്ചു പായുന്നതു പ്രതീക്ഷിച്ചു കഴിയുന്നവരാണ് അധികവും. ഇതുമായി ബന്ധപ്പെട്ട വിശദമായ പദ്ധതി റിപ്പോർട്ട് മന്ത്രിസഭ അന്തിമമായി അംഗീകരിച്ചുകഴിഞ്ഞു. 64000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ഇനി കേന്ദ്രത്തിന്റെയും റെയിൽ വകുപ്പിന്റെയും മറ്റും അനുമതിപത്രങ്ങൾ കൂടി ലഭിച്ചാലേ മുന്നോട്ട് കരുക്കൾ നീക്കാനാവൂ. അതു ലഭ്യമാക്കാൻ കൂട്ടായ പരിശ്രമവും സമ്മർദ്ദവും വേണ്ടിവരും.

പുതിയൊരു യാത്രാവിപ്ളവത്തിന് അടിസ്ഥാനം കുറിക്കുന്ന സിൽവർ ലൈൻ സംസ്ഥാനത്തിന് അളവറ്റ നേട്ടങ്ങൾ കൊണ്ടുവരുമെന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ ഇതിനൊപ്പം തന്നെ എന്നു പറയാവുന്ന തരത്തിൽ നിരവധി വട്ടം വേണ്ടെന്നുവച്ച അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി പൊടിതട്ടിയെടുത്ത് കൊണ്ടുവന്നതിലെ ഔചിത്യക്കുറവും വങ്കത്തവും ഉൾക്കൊള്ളാനോ അംഗീകരിക്കാനോ സ്വബോധമുള്ള ആർക്കും സാധിക്കുമെന്നു തോന്നുന്നില്ല. പൊതുസമൂഹത്തിൽ നിന്ന് മാത്രമല്ല ഭരണമുന്നണിയിലെ പ്രബല കക്ഷിയായ സി.പി.ഐയിൽ നിന്നു പോലും രൂക്ഷമായ വിമർശനവും എതിർപ്പും ക്ഷണിച്ചുവരുത്തിയിരിക്കുകയാണ് അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രിസഭ കൈക്കൊണ്ട വിവാദ തീരുമാനം. പണ്ടേ ഉപേക്ഷിച്ച ഈ പദ്ധതിയുമായി മുന്നോട്ടുപോകാൻ സംസ്ഥാന വൈദ്യുതി ബോർഡിന് ധൃതിപിടിച്ച് ഇപ്പോൾ അനുമതി നൽകിയതിലൂടെ ഒരിക്കൽക്കൂടി തികച്ചും അനാവശ്യമായ വിവാദങ്ങളാണ് സർക്കാർ ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. മഹാമാരിയുടെ ഈ ദുരിതകാലത്തും സർക്കാരിനെതിരെ നിത്യേന പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രതിപക്ഷ മുന്നണിക്ക് പുതിയൊരു വടി കൂടി നൽകി എന്നതിനപ്പുറം ഈ തീരുമാനത്തിലൂടെ ഒരു നേട്ടവും സർക്കാർ പങ്കുവയ്ക്കുന്നില്ല എന്നതാണു സത്യം. രണ്ടുവർഷം മുൻപ് ഭരണമുന്നണി തന്നെ ചർച്ചകൾക്കു ശേഷം അതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കാൻ തീരുമാനമെടുത്തതാണ്. തീർത്തും മറന്നു കഴിഞ്ഞ ഈ പദ്ധതിയുടെ പേരിൽ പുതിയൊരു ആവേശം ജനിച്ചതിനു പിന്നിലെ താത്‌പര്യം അജ്ഞാതമാണ്. സമവായമുണ്ടെങ്കിലേ പദ്ധതി നടപ്പിലാകൂ എന്ന് ഇപ്പോൾ ആണയിടുന്ന വൈദ്യുതി മന്ത്രിക്ക് അതിരപ്പിള്ളിയുടെ പേരിൽ ഇതിനകം ഇവിടെ നടന്ന കോലാഹലങ്ങളൊന്നും ഓർമ്മയില്ലെന്നുവരുമോ? കേവലം 163 മെഗാവാട്ട് വൈദ്യുതിക്കുവേണ്ടി അപൂർവമായ പ്രകൃതിസമ്പത്തും ജൈവമേഖലയും വനപ്രദേശവും ഇല്ലാതാക്കണമെന്നു തോന്നുന്നതു തന്നെ മഹാപാതകമാണ്. അധിക വൈദ്യുതിക്കായി വേറെയും നിരവധി മാർഗങ്ങൾ തുറന്നുകിടക്കുന്ന ഇക്കാലത്ത് അതിരപ്പിള്ളിയുടെ പിന്നാലെ ഒളികണ്ണുമായി പോകുന്നതിനു പിന്നിൽ തീർച്ചയായും സദുദ്ദേശമായിരിക്കില്ല. കാലാവധി അവസാനിക്കാൻ ഒരുവർഷത്തിൽ താഴെ മാത്രമുള്ള സർക്കാർ ഒരിക്കലും ചെന്നുചാടാൻ പാടില്ലാത്ത വിവാദച്ചുഴിയായിപ്പോയി ഇത്. കൂടംകുളം വിഹിതം എത്തിക്കാനുള്ള പ്രസരണ ലൈൻ പൂർത്തീകരിക്കുന്നതുൾപ്പെടെ പുറത്തു നിന്നുള്ള വൈദ്യുതി ലഭ്യത കൂടുതൽ മെച്ചപ്പെട്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. പാരമ്പര്യേതര മാർഗങ്ങളിലേക്ക് രാജ്യവും ലോകവും കൂടുതലായി നീങ്ങിക്കൊണ്ടിരിക്കുമ്പോൾ കാടിനെയും മനുഷ്യരെയും പ്രകൃതിയെയും ദ്രോഹിച്ചുകൊണ്ട് ഇനിയും ജലവൈദ്യുതി പദ്ധതിയുടെ പിറകെ പോകുന്നതിലെ ജനവിരുദ്ധത തീർച്ചയായും സർക്കാർ തിരിച്ചറിയണം.

സംസ്ഥാനത്തിനു തീർത്തും ദോഷകരമായ അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് ആലോചിച്ച് സമയം കളയുന്നതിനു പകരം ജനങ്ങൾക്കു പ്രയോജനപ്പെടുന്ന അതിവേഗ റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള നടപടികൾക്കാണ് പ്രാധാന്യം നൽകേണ്ടത്. പദ്ധതിക്കാവശ്യമായ 64000 കോടി രൂപയുടെ വലിപ്പം കണ്ട് ഇതു നടക്കുമോ എന്ന് സന്ദേഹിക്കുന്നവർ ധാരളമുണ്ട്. എന്നാൽ കൃത്യമായ ആസൂത്രണത്തിനും ഹോം വർക്കിനും ശേഷമാണ് സർക്കാർ പദ്ധതിക്കായി ഇറങ്ങിയിരിക്കുന്നത്. വായ്പകളും സംസ്ഥാന - കേന്ദ്ര വിഹിതവും ജനങ്ങളിൽ നിന്നുള്ള ഓഹരി പങ്കാളിത്തവുമൊക്കെയായി ആവശ്യമായ പണം സ്വരൂപിക്കാനാണ് തീരുമാനം. കേന്ദ്രാനുമതി നേടുക എന്ന വലിയ കടമ്പ കടക്കുകയാണ് ആദ്യം വേണ്ടത്. അത്രതന്നെ പ്രധാനമാണ് പുതിയ പാതയ്ക്ക് വേണ്ടിവരുന്ന 1226 ഏക്കർ ഭൂമി ഏറ്റെടുക്കൽ. പതിനൊന്നു ജില്ലകളിലൂടെ കടന്നുപോകുന്ന സിൽവർ ലൈനു വേണ്ടി വീടുകൾ ഉൾപ്പെടെ ഒൻപതിനായിരത്തോളം കെട്ടിടങ്ങൾ പൊളിച്ചുനീക്കേണ്ടിവരും. ഇത്രയും കുടുംബങ്ങളുടെ പുനരധിവാസം ഉൾപ്പെടെ ഭാരിച്ച ഉത്തരവാദിത്വങ്ങളാണ് സർക്കാരിനെ കാത്തിരിക്കുന്നത്. ആക്ഷേപങ്ങളും പരാതികളും കഴിയുന്നത്ര ഇല്ലാതാക്കി പദ്ധതി നടപ്പിലാക്കാൻ സാധിക്കണം. അഞ്ചുവർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അതു നടക്കണമെങ്കിൽ ജനങ്ങളുടെ നിസ്സീമമായ സഹകരണം അതിപ്രധാനമാണ്. ആവശ്യമില്ലാത്ത വിവാദങ്ങളിൽ നിന്ന് പദ്ധതിയെ സ്വതന്ത്രമാക്കാനുള്ള വകതിരിവ് രാഷ്ട്രീയ പാർട്ടികളും കാണിക്കണം.