archaeologists

കൊയ്റോ : ക്ലിയോപാട്ര... ഈ ഈജിപ്ഷ്യൻ രാജ്ഞിയുടെ ബുദ്ധിയെയും സൗന്ദര്യത്തെയും പറ്റി കേൾക്കാത്തതായി ആരുമില്ല. ക്ലിയോപാട്രയുടെ ജീവിതവും മരണവുമെല്ലാം ഇന്നും നിഗൂഢതകൾ നിറ‌ഞ്ഞതാണ്. ക്ലിയോപാട്രയുടെ മരണശേഷവും ആ നിഗൂഢതകൾ ആർക്കും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അവരുടെ മൃതദേഹം സംസ്‌കരിച്ചിരിക്കുന്നത് എവിടെയാണ് ?

അജ്ഞാതമായി തുടരുന്ന ഈ രഹസ്യത്തിന്റെ വാതിലേക്കുള്ള താക്കോൽ ലഭിച്ചിരിക്കുകയാണ്. ഈജിപ്റ്റിന്റെ അവസാനത്തെ ഫറവോ ആയിരുന്ന ക്ലിയോപാട്രയുടെ കല്ലറ ഉടൻ തന്നെ പുരാവസ്തുഗവേഷകർ കണ്ടെത്തുമെന്നാണ് സൂചന. ക്ലിയോപാട്രയുടെ കല്ലറയെ പറ്റിയുള്ള നിർണായക വിവരങ്ങൾ ഇവർക്ക് ലഭിച്ചതായാണ് വിവരം. പുരാതന ഈജിപ്ഷ്യൻ നഗരമായ അലക്സാണ്ട്രിയയ്ക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന പ്രാചീന നഗരമായ ടപോസിരിസ് മാഗ്നയിലാണ് ക്ലിയോപാട്രയുടെയും ആന്റണിയുടെയും കല്ലറ എന്ന് കരുതുന്നു.

ഇപ്പോൾ ടപോസിരിസ് മാഗ്നയിൽ നിലനിന്നിരുന്ന ഒരു ക്ഷേത്രത്തെ കേന്ദ്രീകരിച്ച് ഗവേഷകർ പരിശോധന നടത്തി വരികയാണ്. ഡൊമിനിക്കൻ റിപ്പബ്ലിക് സ്വദേശിനിയായ ഡോ. കാത്‌ലീൻ മാർട്ടിനെസ് ആണ് സംഘത്തെ നയിക്കുന്നത്. ക്ലിയോപാട്രയെയും മാർക് ആന്റണിയേയും ഇവിടെയാകാം 2000 വർഷങ്ങൾക്ക് മുമ്പ് സംസ്കരിച്ചതെന്നാണ് ഗവേഷകർ‌ കരുതുന്നത്. ബി.സി 305 നും 30 നും ഈജിപ്‌ത് ഭരിച്ചിരുന്ന ടോളമി രാജവംശത്തിലെ അവസാന കണ്ണിയായിരുന്നു ക്ലിയോപാട്ര.

ക്ലിയോപാട്രയുടെ ജീവിതം പല തവണ സിനിമയായിട്ടുണ്ട്. ഇതിൽ ഹോളിവുഡ് നടി എലിസബത്ത് ടെയ്‌ലറുടെ ക്ലിയോപാട്ര കഥാപാത്രം ഏറെ പ്രസിദ്ധമാണ്. ബി.സി 31ൽ യുദ്ധത്തിൽ ശത്രുവായ ഒക്ടേവിയന് മുന്നിൽ പരാജയപ്പെട്ടതോടെ ക്ലിയോപാട്രയും ജീവിതപങ്കാളിയായിരുന്ന മാർക്ക് ആന്റണിയും ആത്മഹത്യ ചെയ്യുകയായിരുന്നു.

എന്നാൽ, ഇരുവരും എങ്ങനെയാണ് ആത്മഹത്യ ചെയ്തത് എന്ന് വ്യക്തമല്ല. ആന്റണി വയറ്റിൽ കത്തി കുത്തിയിറക്കുയായിരുന്നുവെന്ന് വാദമുണ്ട്. ക്ലിയോപാട്ര വിഷം കഴിച്ചാണെന്നും പാമ്പിനെ കൊണ്ട് കൊത്തിച്ചാണ് ആത്മഹത്യ ചെയ്തതെന്നും പറയുന്നു. റോമൻ ഭരണാധികാരി ജൂലിയസ് സീസറുടെ സൈന്യാധിപനും സുഹൃത്തുമായിരുന്നു ആന്റണി. സീസർ കൊല്ലപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ ദത്തുപുത്രനായ ഒക്ടേവിയനും ആന്റണിയുമായി ശത്രുതയിലായത്.

ക്ലിയോപാട്രയുടെയും ആന്റണിയുടെയും മൃതദേഹങ്ങൾ ഒരുമിച്ചാണ് അടക്കം ചെയ്തതെന്ന് ചരിത്രം സൂചിപ്പിക്കുന്നത്. ഈജിപ്ഷ്യൻ ദേവതയായ ഐസിസിന്റെ ഒരു ക്ഷേത്രത്തിന് സമീപമാണ് പ്രൗഢഗംഭീരമായ ഇവരുടെ കല്ലറ സ്ഥിതി ചെയ്തിരുന്നത് എന്ന് എ.ഡി 45നും 120 നും ഇടയിൽ ജീവിച്ചിരുന്ന ഗ്രീക്ക് എഴുത്തുകാരനായിരുന്ന പ്ലൂട്ടാർക്കിന്റെ ഗ്രന്ഥത്തിൽ പരാമർശിച്ചിട്ടുണ്ട്. പക്ഷേ ഇതെവിടെയാണെന്നാണ് ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്തത്.

ഇവിടെയാകാം ക്ലിയോപാട്രയുടെ കല്ലറ എന്ന് ഗവേഷകർ പറയാൻ മറ്റൊരു കാര്യം കൂടിയുണ്ട്. തന്നെയും മാർക്ക് ആന്റണിയേയും ഈജിപ്ഷ്യൻ ജനതയുടെ മനസിൽ ഭരണാധികാരികളായി ചിരപ്രതിഷ്ട നേടിയെടുക്കുന്നതിനായി പുരാതന ഈജിപ്ഷ്യൻ ഭരണാധികാരികളായ ഐസിസ് - ഓസിറിസ് ദമ്പതികളെ മാതൃകയാക്കി, അവരെ പോലെ ജീവിക്കാൻ ശ്രമിച്ച വ്യക്തിയായിരുന്നത്രെ ക്ലിയോപാട്ര.

പുരാണമനുസരിച്ച് ഓസിറിസസിനെ ശത്രുക്കൾ ചതിച്ച് കൊലപ്പെടുത്തുകയും ചിന്നഭിന്നമാക്കി ഈജിപ്റ്റിന് മീതെ വിതറുകയും ചെയ്തു. എന്നാൽ ഭാര്യ ഐസിസ് ചിന്നഭിന്നമാക്കപ്പെട്ട ഓരോ കഷണങ്ങളും കണ്ടെത്തി കൂട്ടിച്ചേർത്ത് ഓസിറിസിനെ വീണ്ടും ജീവൻ നൽകി. ഇപ്പോൾ പര്യവേഷണങ്ങൾ നടന്നു കൊണ്ടിരിക്കുന്ന ടപോസിരിസ് മാഗ്നയ്ക്ക് ഈ പുരാണവുമായി ബന്ധമുണ്ട്. ഓസിറിസിന്റെ കഥയിൽ അദ്ദേഹത്തിന്റെ ശരീരത്തിന്റെ ഒരു ഭാഗം വീണത് ഇവിടെയാണ്. ഐസിസിന്റെ ഒരു ക്ഷേത്രവും ഇവിടെ നിലനിന്നിരുന്നതായി വിശ്വസിക്കപ്പെടുന്നു.

മരണത്തിന് മുമ്പ് ക്ലിയോപാട്ര തന്നെ തന്നെയും ആന്റണിയേയും ഒരുമിച്ച് അടക്കം ചെയ്യേണ്ട പദ്ധതികൾ ആവിഷ്കരിച്ചതായും ഐസിസ് - ഓസിറിസ് പുരാണവുമായി ബന്ധപ്പെട്ട പ്രദേശത്താണ് തങ്ങളുടെ കല്ലറ ഒരുക്കേണ്ടതെന്നും തീരുമാനിച്ചിരുന്നതായും പറയപ്പെടുന്നു. ഓസിറിസിനെ ആരാധിക്കുന്നവർക്ക് മരണമില്ല എന്നൊരു വിശ്വാസം കൂടിയുണ്ട്. താനും ആന്റണിയും മരണപ്പെട്ടാലും ഓസിറിസിന്റെ അനുഗ്രഹത്താൽ തങ്ങൾക്ക് മറ്റൊരു രൂപത്തിൽ വീണ്ടും ഒരുമിച്ച് ജീവിക്കാൻ സാധിക്കുമെന്നും ക്ലിയോപാട്ര വിശ്വസിച്ചിരുന്നതായി ചരിത്ര രേഖകൾ പറയുന്നു.

2005 മുതൽ ഡോ. കാത്‌ലീൻ മാർട്ടിനെസ് ഈ പ്രദേശത്ത് ഖനന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരികയാണ്. ഇതിനിടെ സ്വർണ ഇലകളാൽ അലങ്കരിച്ച ഒരു പുരാതന ശവകുടീരം കണ്ടെത്തുകയും ചെയ്തു. അജ്ഞാതമായ ഈ ശവകുടീരം ആന്റണിയും ക്ലിയോപാട്രയും അന്ത്യവിശ്രമം കൊള്ളുന്നതിലേക്ക് വഴിതെളിയ്ക്കുമെന്നാണ് ഗവേഷക സംഘത്തിന്റെ പ്രത്യാശ.

ക്ലിയോപാട്രയുടെ കല്ലറ ഇനി കണ്ടെത്തിയാലും അത് ശൂന്യമായിരിക്കാനാണ് സാദ്ധ്യത എന്ന് ആർക്കിയോളജിസ്റ്റുകൾ അഭിപ്രായപ്പെടുന്നു. കാരണം പുരാതനകാലത്ത് കല്ലറകളിലെ മോഷണം പതിവായിരുന്നു. ക്ലിയോപാട്രയെ അലക്സാണ്ട്രിയയിൽ തന്നെ സംസ്കരിച്ചതായി വിശ്വസിക്കുന്ന നിരവധി പേരുണ്ട്. അലക്‌സാണ്ട്രിയ നഗരത്തിന്റെ നല്ലൊരു ഭാഗവും ഇന്ന് കടലിനടിയിലാണ്. അങ്ങനെയെങ്കിൽ ക്ലിയോപാട്രയുടെ കല്ലറ കണ്ടെത്തുന്നത് വിദൂര സ്വപ്നമായി മാറും.