guest

വെഞ്ഞാറമൂട്: അന്യ സംസ്ഥാന തൊഴിലാളികളെ ജന്മ നാടുകളിലേക്ക് യാത്രയാക്കി വെഞ്ഞാറമൂട് ജനമൈത്രി പൊലീസ്. ആസാം, പശ്ചിമ ബംഗാൾ സ്വദേശികളായ 47 അന്യ സംസ്ഥാനതൊഴിലാളികൾക്കാണ് ജന്മനാട്ടിലേക്ക് മടങ്ങുവാനുള്ള സഹായവുമായി വെഞ്ഞാറമൂട് പൊലീസ് ഇറങ്ങിയത്. ഇന്നലെ വൈകിട്ട് നാല് മണിക്ക് പശ്ചിമ ബംഗാളിലേക്കും, രാത്രി 10 മണിക്ക് ആസാമിലേക്കുമുള്ള ട്രെയിനിൽ തിരുവനന്തപുരത്ത് നിന്നുമാണ് ഇവർ ജന്മ നാടുകളിലേക്ക് പോയത്. ഇനിയും 150 ഓളം പേർ നാട്ടിൽ പോകാൻ താല്പര്യം അറിയിച്ചിട്ടുണ്ട്. ട്രെയിൻ ലഭ്യമാകുന്ന മുറയ്ക്ക് ഇവർക്ക് വേണ്ട സഹായം ചെയ്യുമെന്ന് വെഞ്ഞാറമൂട് സി.ഐ വിജയ രാഘവൻ പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ എത്തിയ അന്യ സംസ്ഥാന തൊഴിലാളികളെ പ്രത്യേകം തയാറാക്കി നിറുത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസിലാണ് റയിൽവേ സ്റ്റേഷനിൽ എത്തിച്ചത്. ജനമൈത്രി ബീറ്റ് ഓഫീസർമാരായ ഷജിൻ, സുനീർ എന്നിവർ പ്രവർത്തനങ്ങൾ എകോപിപ്പിച്ചു.