ആറ്റിങ്ങൽ:ഓടയിൽ നിന്നുള്ള ഒഴുക്ക് തടഞ്ഞ് സ്വകാര്യ വ്യക്തി പുരയിടം മണ്ണിട്ടു നികത്തിയത് സമീപത്തെ വീടുകൾക്ക് ഭീഷണിയാകുന്നു.ബുധനാഴ്ച വൈകിട്ട് പെയ്ത കനത്ത മഴയിൽ ഓടയിലൂടെ ഒഴുകിയെത്തിയ മലിന ജലം പുരയിടങ്ങളിലൂടെ പരന്നൊഴുകി ഒരു വീടിനും മതിലിനും കേടുപാട് സംഭവിച്ചു.ആലംകോട് അബ്ദുൽ ഖാദറിന്റെ നബീൽ മഹലിനാണ് കുത്തിയെഴുകിയ വെള്ളം ഭീഷണിയായത്.ഓട നിറഞ്ഞ് വീട്ടിലേയ്ക്ക് ഒഴുകിയ വെള്ളം പിറകുവശത്തെ മതിൽ തകർത്താണ് പരന്നൊഴുകിയത്.വീടിന്റെ അടിത്തറയുടെ മണ്ണ് കുത്തിയൊലിച്ചു പോയ നിലയിലാണ്.വീടിനകത്തുകൂടി വെള്ളം ഒഴുകിയതുകാരണം ഫർണിച്ചറുകൾക്കും സാധനസാമഗ്രികൾക്കും കേടുപാടുകൾ സംഭവിച്ചു.ആലംകോട് പോസ്റ്റ് ഓഫീസിനു സമീപത്താണ് വെള്ളപ്പൊക്ക പ്രതീതി ഉയർത്തി വെള്ളം കുത്തിയൊഴുകിയത്.ഓടയിൽ നിന്നുള്ള വെള്ളം ഒഴുകിയിരുന്ന സ്ഥലം സ്വകാര്യ വ്യക്തി മണ്ണിട്ടു നകത്തിയപ്പോൾത്തന്നെ അബ്ദുൽ ഖാദർ ആറ്റിങ്ങൽ നഗരസഭയിൽ പരാതി നൽകിയിരുന്നു.എന്നാൽ ഓട ക്രമീകരിച്ച് പ്രശ്നം പരിഹരിക്കാമെന്നാണ് അന്ന് നഗരസഭയിലെ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. മൺസൂൺ തുടങ്ങിയപ്പോൾ വീണ്ടും പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.ഫണ്ട് ഇല്ലെന്നു പറഞ്ഞ് അവർ ഒഴിയുകയായിരുന്നു എന്ന് വീട്ടുകാർ പറയുന്നു.