homeo

വക്കം: വക്കത്ത് സ്ഥലപരിമിതിയിൽ വീർപ്പ് മുട്ടുന്ന രണ്ട് ആശുപത്രികൾ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തം. വക്കം ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിന്റെ താഴത്തെ നിലയിൽ കോറിഡോറിന് ഇരു വശങ്ങളിലും സ്ഥിതി ചെയ്യുന്ന ഹോമിയോ ആശുപത്രിയും, ആയുർവേദാശുപത്രിയുമാണ് മാറ്റത്തിനായി കാത്തിരിക്കുന്നത്. രണ്ട് ആശുപത്രികളിലുമായി നിത്യവും നൂറിലധികം ഒ.പിയുണ്ട്. രണ്ട് കുടുസു മുറികളിലാണിപ്പോൾ ആശുപത്രിയുടെ പ്രവർത്തനം. മരുന്നുകൾ സൂക്ഷിക്കാനും രോഗികൾക്ക് ഇരിക്കാനും വേണ്ട സൗകര്യങ്ങൾ ഇല്ല. ജീവനക്കാർക്ക് പോലും നേരെ ഇരിക്കാൻ കഴിയുന്നില്ല. വേണ്ടത്ര ചികിത്സാ സൗകര്യങ്ങൾ ഉണ്ടായാൽ രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന തന്നെയുണ്ടാകുമെന്നാണ് ജീവനക്കാർ പറയുന്നത്. നിലവിൽ രണ്ട് ആശുപത്രികളിലും എത്തുന്ന രോഗികൾ കോറിഡോറിലാണ് ഇരിക്കുന്നത്. ഇവർക്കിടയിലൂടെയാണ് ഗ്രാമപഞ്ചായത്തിലും, കൃഷി ഭവനിലും എത്തുന്നവർ കടന്ന് പോകുന്നത്. മികച്ച ചികിത്സയാണ് രണ്ട് ആശുപത്രികളിലും ലഭിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. രണ്ട് ആശുപത്രികളും ഗ്രാമ പഞ്ചായത്തിന്റെ കീഴിലാണ്. അതിനാൽ ഇവർക്കാവശ്യമായ കെട്ടിടം കണ്ടെത്തേണ്ടത് ഗ്രാമപഞ്ചായത്തിന്റെ ഉത്തരവാദിത്വമാണ്. എന്നാൽ സർക്കാർ ഭൂമി വക്കത്ത് ഒരിടത്തുമില്ല. ഇനി ആശ്രയം വക്കത്തെ റൂറൽ ഹെൽത്ത് സെന്ററിന്റെ കെട്ടിടങ്ങളാണ് .ഇവിടെയുള്ള ക്വാർട്ടേഴ്സുകൾ രണ്ടെണ്ണം ഇതിനായി വിട്ടു നൽകാൻ ബന്ധപ്പെട്ടവർ തീരുമാനിക്കണം.