പാലോട്: തോട്ടിൽ വീണ് മരിച്ച വിതുര ഗവ. യു.പി സ്കൂൾ അദ്ധ്യാപകൻ നന്ദിയോട് ഓട്ടുപാലം കല്ലണയിൽ അത്തം ഹൗസിൽ ബിനുകുമാറിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും അന്വേഷിക്കണമെന്നും ബന്ധുക്കൾ. വെള്ളത്തിൽ വീണ വെള്ളിയാഴ്ച രാത്രി 9.25 വരെ നന്ദിയോട്ടുള്ള സ്വകാര്യ ട്യൂഷൻ സെന്ററിൽ ബിനുകുമാർ സുഹൃത്തുക്കളുമായി ഉണ്ടായിരുന്നു. 9.30 ന് സഹപ്രവർത്തകന്റെ ബൈക്കിൽ പയറ്റടി ബലിക്കടവിന് സമീപത്ത് എത്തുകയും ചെയ്തു. ഇവിടെ നിന്ന് 300 മീറ്റർ ദൂരമേ ബിനുവിന്റെ വീട്ടിലേക്കുള്ളൂ. രാത്രി 9.50 ന് ബിനുവിന്റെ ഭാര്യ സുഹൃത്തിന്റെ ഫോണിൽ വിളിച്ച് ബിനു എത്തിയില്ലെന്ന വിവരം അറിയിക്കുകയും ചെയ്തു.
വെള്ളിയാഴ്ച രാത്രി 9.30 നും 9.50 നും എന്ത് സംഭവിച്ചു എന്ന് അന്വേഷിച്ചാൽ മാത്രമേ സംഭവം വെളിച്ചത്ത് വരികയുള്ളു. ബിനുകുമാറിന്റെ മരണകാരണം കണ്ടെത്തണമെന്നാണ് ആവശ്യം. കെ.എസ് ശബരീനാഥൻ എം.എൽ.എ കഴിഞ്ഞ ദിവസം കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ എത്തിയിരുന്നു. ബിനുകുമാറിന്റെ മരണത്തെ കുറിച്ച് അന്വേഷണം നടത്തി നിജസ്ഥിതി ബോദ്ധ്യപ്പെടുത്തണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി പി.എസ്. ബാജിലാൽ ആവശ്യപ്പെട്ടു.