കൊറോണ വൈറസിന്റെ ഭീകരതയിൽ ലോകം നടുങ്ങിയിരിക്കുകയാണ്. ഇപ്പോഴും അമേരിക്ക, ബ്രസീൽ, ഇംഗ്ലണ്ട്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ കനത്ത നാശം വിതച്ച് കൊറോണ വൈറസ് വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. 7,000,000 കടന്ന് കേസുകൾ. 400,000 കടന്ന് മരണം. ഈ ഭീകരതയ്ക്ക് നടുവിലും ആശ്വാസത്തിന്റെ വെള്ളക്കൊടി ഉയർത്തിയിരിക്കുകയാണ് ചില രാജ്യങ്ങൾ. ന്യൂസിലാൻഡ് ഉൾപ്പെടെ ഒമ്പത് രാജ്യങ്ങൾ തങ്ങൾ കൊവിഡ് മുക്തമായതായി പ്രഖ്യാപിച്ചിരിക്കുകയാണ്.
ന്യൂസിലൻഡ്
ചികിത്സയിലുണ്ടായിരുന്ന അവസാന കൊവിഡ് രോഗിയും അസുഖം ഭേദമായി ആശുപത്രി വിട്ടതോടെയാണ് ജൂൺ 8ന് പസഫിക് ദ്വീപ് രാഷ്ട്രമായ ന്യൂസിലൻഡ് കൊവിഡ് മുക്തമായതായി പ്രഖ്യാപിച്ചത്. ഏകദേശം ഏഴ് ആഴ്ചകൾ നീണ്ടു നിന്ന ശക്തമായ ലോക്ക്ഡൗണായിരുന്നു ന്യൂസിലൻഡിലേത്. അവശ്യ സേവനങ്ങൾ ഒഴിച്ച് എല്ലാ പൗരൻമാരും വീട്ടിൽ തുടർന്നു. ജൂൺ 9 മുതൽ രാജ്യത്തെ കൊറോണ വൈറസ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുന്നതായി പ്രധാനമന്ത്രി ജസീന്ത ആർഡേൻ പ്രഖ്യാപിച്ചിരുന്നു.
ആകെ രോഗികൾ - 1,504
മരണം - 22
ടാൻസാനിയ
തന്റെ രാജ്യം പ്രാർത്ഥനയിലൂടെ കൊറോണ വൈറസ് മുക്തമായതായാണ് ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയുടെ പ്രസിഡന്റ് പ്രഖ്യാപിച്ചത്. അതേ സമയം, കഴിഞ്ഞ ആറാഴ്ചയായി രാജ്യത്തെ കൊവിഡ് വിവരങ്ങൾ സംബന്ധിച്ച റിപ്പോർട്ട് ടാൻസാനിയ പുറത്തുവിട്ടിട്ടില്ല. പ്രാർത്ഥനയിലൂടെ ദൈവം കൊറോണ വൈറസ് തങ്ങങ്ങളുടെ നാട്ടിൽ നിന്നും വൈറസിനെ തുടച്ചു നീക്കിയെന്നാണ് പ്രസിഡന്റ് ജോൺ മഗുഫുലിയുടെ വാദം. അതേസമയം, ആഫ്രിക്കയുടെ കിഴക്ക് സ്ഥിതി ചെയ്യുന്ന ടാൻസാനിയയിൽ കൊവിഡ് മുക്തമായിട്ടില്ലെന്നും കേസുകൾ ഉയരുന്നുണ്ടെന്നുമാണ് അയൽരാജ്യങ്ങൾ ആശങ്ക പ്രകടിപ്പിക്കുന്നത്. ആയിരക്കണക്കിന് പേർക്ക് രാജ്യത്ത് രോഗം ബാധിച്ചിരിക്കാമെന്നും വിദഗ്ദർ പറയുന്നു.
ആകെ രോഗികൾ - 509
മരണം - 21
വത്തിക്കാൻ
ആകെയുണ്ടായിരുന്ന 12 രോഗികൾക്കും രോഗം ഭേദമായി ആശുപത്രി വിട്ടതോടെ ജൂൺ 6നാണ് കൊവിഡ് മുക്തമായതായി വത്തിക്കാൻ പ്രഖ്യാപിച്ചത്. അവസാന രോഗിയുടെ ഫലവും നെഗറ്റീവ് ആയതായി വത്തിക്കാന്റെ വക്താവായ മാറ്റിയോ ബ്രൂണിയാണ് അറിയിച്ചത്. വത്തിക്കാനിൽ ഇതേവരെ മരണം റിപ്പോർട്ട് ചെയ്തില്ല. വത്തിക്കാൻ രോഗമുക്തമായി പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസം പോപ്പ് ഫ്രാൻസിസ് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ വച്ച് വിശ്വാസികളെ അഭിസംബോധന ചെയ്തിരുന്നു.
ആകെ രോഗികൾ - 12
മരണം - 0
ഫിജി
ജൂൺ ആദ്യവാരമാണ് ഫിജി കൊവിഡ് 19നെ കീഴടക്കിയതായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി ഫ്രാങ്ക് ബെയ്നിമരാമ വെള്ളിയാഴ്ചയാണ് തെക്കൻ പസഫിക് ദ്വീപ് രാഷ്ട്രമായ ഫിജിയിലെ അവസാന രോഗിയ്ക്കും രോഗം ഭേദമായതായി പ്രഖ്യാപിച്ചത്. അവസാന കേസ് റിപ്പോർട്ട് ചെയ്ത് തുടർച്ചയായ 45 ദിവസവും പുതിയ രോഗികൾ ഉണ്ടായില്ല. 9,00,000 ജനസംഖ്യയുള്ള ഫിജിയിൽ ഏപ്രിൽ മാസത്തിലാണ് പ്രധാന നഗരങ്ങളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. അതിർത്തികൾ ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്.
ആകെ രോഗികൾ - 18
മരണം - 0
മോണ്ടിനെഗ്രോ
കൊവിഡ് 19 മുക്തമാകുന്ന ആദ്യ യൂറോപ്യൻ രാജ്യമാണ് മോണ്ടിനെഗ്രോ. തെക്ക് കിഴക്കൻ യൂറോപ്യൻ രാജ്യമായ മോണ്ടിനെഗ്രോയിൽ 6.22 ലക്ഷമാണ് ജനസംഖ്യ. ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്ത് 69 ദിവസങ്ങൾക്ക് ശേഷം മേയ് 24നാണ് മോണ്ട്നെഗ്രോ കൊറോണ വൈറസ് മുക്തമായതായി പ്രഖ്യാപിച്ചത്.
ആകെ രോഗികൾ - 324
മരണം - 9
സെയ്ഷെൽസ്
ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന സെയ്ഷെൽസിലെ കൊവിഡ് രോഗബാധിതർക്കെല്ലാം അസുഖം ഭേദമായതായും രാജ്യം വൈറസ് മുക്തമായെന്നും പ്രഖ്യാപിക്കപ്പെട്ടത് മേയ് 18നാണ്. കിഴക്കൻ ആഫ്രിക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന സെയ്ഷെൽസിൽ 97,000 ത്തിനകത്താണ് ജനസംഖ്യ.
ആകെ രോഗികൾ - 11
മരണം - 0
സെന്റ് കിറ്റ്സ് നേവിസ്
മേയ് 19നാണ് കരീബിയൻ രാജ്യമായ സെന്റ് കിറ്റ്സ് നേവിസ് കൊറോണ വൈറസ് മുക്തമായത്. വിദേശത്ത് നിന്നും മടങ്ങിയെത്തിയവർക്കാണ് 53,000 ത്തോളം മാത്രം ജനസംഖ്യയുള്ള രണ്ട് ദ്വീപുകൾ അടങ്ങുന്ന ഈ സംയുക്തരാഷ്ട്രത്തിൽ രോഗം സ്ഥിരീകരിച്ചത്.
ആകെ രോഗികൾ - 15
മരണം - 0
റ്റിമോർ ലെസ്റ്റെ
തെക്കു കിഴക്കൻ ഏഷ്യൻ രാജ്യമായ റ്റിമോർ ലെസ്റ്റെ മേയ് 15നാണ് കൊവിഡ് മുക്തമായതായി പ്രഖ്യാപിച്ചത്. 12 ലക്ഷത്തോളം ജനസംഖ്യയാണ് റ്റിമോർ ലെസ്റ്റെയിലുള്ളത്.
ആകെ രോഗികൾ - 24
മരണം - 0
പാപ്പുവ ന്യൂഗിനിയ
പസഫിക് രാജ്യമായ പാപ്പുവ ന്യൂഗിനിയ മേയ് 4നാണ് കൊവിഡ് മുക്തമായി പ്രഖ്യാപിക്കപ്പെട്ടത്. 86 ലക്ഷത്തോളം ജനസംഖ്യയുള്ള ഇവിടെ 87 ലക്ഷമാണ് ജനസംഖ്യ.
ആകെ രോഗികൾ - 8
മരണം - 0