തിരുവനന്തപുരം: ശബരിമലയിൽ മിഥുനമാസ പൂജയ്ക്ക് ഭക്തർക്ക് ദർശനം അനുവദിക്കേണ്ടതില്ലെന്ന് തീരുമാനം. ആറാട്ട് ഉത്സവവും വേണ്ടെന്നുവച്ചു. 14 മുതൽ 18 വരെ മാസപൂജ ചടങ്ങു മാത്രമായി നടത്തും. തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു, അംഗങ്ങൾ എന്നിവരുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തിയ ചർച്ചയിലാണ് തീരുമാനം.
കൊവിഡ് കാരണം മേടം, ഇടവം മാസങ്ങളിലെ പൂജയും വിഷു ആഘോഷവും ഭക്തരെ പ്രവേശിപ്പിക്കാതെയാണ് നടത്തിയത്. മാർച്ച് 29 ന് കൊടിയേറേണ്ട ഉത്സവം 19 മുതൽ നടത്താൻ പിന്നീട് തീരുമാനിച്ചു. തന്ത്രി തീയതി നിശ്ചയിച്ചതനുസരിച്ച് ഒരുക്കങ്ങളും നടത്തി.
എന്നാൽ, കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ആറാട്ടുത്സവം ഒഴിവാക്കണമെന്നും മിഥുനമാസ പൂജ ഭക്തരെ പ്രവേശിപ്പിക്കാതെ നടത്തണമെന്നും ദേവസ്വം കമ്മിഷണർക്ക് തന്ത്രി ബുധനാഴ്ച ഇ-മെയിൽ അയച്ചു. തന്ത്രിയുടെ അഭിപ്രായം മാനിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉൾപ്പടെ ആവശ്യപ്പെട്ടതോടെ രാഷ്ട്രീയവിവാദം മണത്ത സർക്കാർ ഉടൻ തന്ത്രിയെയും ദേവസ്വം ബോർഡിനെയും ഒന്നിച്ചിരുത്തി ചർച്ച നടത്തുകയായിരുന്നു.
തന്ത്രിയുമായി അഭിപ്രായ ഭിന്നതയില്ലെന്നും, അദ്ദേഹത്തിന്റെ നിലപാട് അംഗീകരിക്കുന്നെന്നും മന്ത്രി പറഞ്ഞു. ക്ഷേത്രങ്ങൾ തുറക്കണമെന്ന് ആദ്യം പ്രതിപക്ഷവും പിന്നീട് ബി.ജെ.പിയും ആവശ്യപ്പെട്ടു. തുടർന്ന് തന്ത്രിസമാജം, തന്ത്രിമണ്ഡലം, മതനേതാക്കൾ എന്നിവരുമായി ചർച്ച നടത്തി. അന്ന് എല്ലാവരും തുറക്കുന്നതിനെ അനുകൂലിച്ചിരുന്നു. കേന്ദ്രം അനുവദിച്ചിട്ടും സംസ്ഥാനം അനുവദിക്കാതിരുന്നെങ്കിൽ പലരും രാഷ്ട്രീയമായി മുതലെടുക്കുകയും പലതും കാട്ടിക്കൂട്ടുകയും ചെയ്യുമായിരുന്നെന്നും കടകംപള്ളി പറഞ്ഞു.
ഭിന്നതയില്ല: തന്ത്രി
സർക്കാരുമായും ദേവസ്വം ബോർഡുമായും ഭിന്നതയില്ലെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് വ്യക്തമാക്കി. എട്ടിന് ക്ഷേത്രങ്ങൾ തുറക്കാമെന്ന് കേന്ദ്രസർക്കാർ പറയുമ്പോൾ താൻ മാത്രം അനുകൂലിക്കാതിരുന്നാൽ ശരിയാകില്ലെന്ന് തോന്നിയതിനാലാണ് ഭക്തരെ പ്രവേശിപ്പിക്കാമെന്നും ഉത്സവം നടത്താമെന്നും ആദ്യം കത്തു നൽകിയത്. ഇപ്പോൾ സാഹചര്യം സങ്കീർണമായതിനാൽ അഭിപ്രായം മാറ്റി.
ഇപ്പോൾ ഭക്തരെ പ്രവേശിപ്പിക്കുന്നത് അപകടകരമാണെന്ന തന്ത്രിയുടെ അഭിപ്രായമാണ് സർക്കാരിനും. മറ്റിടങ്ങളിലും പ്രവേശനവിലക്കിന് ആവശ്യമുയർന്നാൽ അപ്പോൾ തീരുമാനമെടുക്കും.
കടകംപള്ളി സുരേന്ദ്രൻ
ദേവസ്വം മന്ത്രി
തന്ത്രി കുടുംബവുമായി ആലോചിച്ചാണ് നേരത്തേ തീരുമാനമെടുത്തത്. തന്ത്രിക്ക് വ്യത്യസ്ത അഭിപ്രായമുണ്ടായപ്പോൾ നേരിട്ട് അറിയിക്കാതിരുന്നതാണ് ആശയക്കുഴപ്പമുണ്ടാക്കിയത്.
എൻ. വാസു
ദേവസ്വം ബോർഡ് പ്രസിഡന്റ്
ഉത്സവം മുടങ്ങുന്നത് ചരിത്രത്തിലാദ്യം
അടൂർ പ്രദീപ് കുമാർ
ശബരിമല : ആറാട്ട് ഉത്സവം മുടങ്ങുന്നത് ചരിത്രത്തിലാദ്യമാണ്. 1970ൽ കൊടിമരം സ്ഥാപിച്ച ശേഷം തുടങ്ങിയ ഉത്സവം മണ്ഡലകാലത്തായിരുന്നു. 2005-ലെ ദേവപ്രശ്നത്തിൽ, പ്രധാന തീർത്ഥാടനകാലത്ത് ഉത്സവച്ചടങ്ങുകൾ നന്നായി നടത്താൻ കഴിയാത്തതിനാൽ ദേവന് അഹിതമുള്ളതുകൊണ്ട് അയ്യപ്പന്റെ ജന്മദിനമായ പൈങ്കുനി ഉത്രത്തിൽ ഉത്സവം നടത്തണമെന്ന് പ്രശ്നവിധിയുണ്ടായി. 2006 ൽ പത്തു ദിവസ ഉത്സവം പ്രത്യേകം തുടങ്ങി.