വർക്കല: വർക്കലയിലെ പരമ്പരാഗത ജലസ്രോതസായ മുണ്ടയിൽ കുളം മാലിന്യവും പായലും നിറഞ്ഞ് നശിക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കുളം വർക്കലയുടെ ചരിത്രത്തോടൊപ്പം ചേർന്നു നിൽക്കുന്നു. കഠിന വേനലിൽ പോലും പ്രദേശത്തിന്റെ ജലക്ഷാമത്തിനും കുളം നാട്ടുകാർക്ക് ആശ്രയമായിരുന്നു.
ആഴമുള്ള കുളം വൃത്തിയാക്കിയിട്ട് വർഷങ്ങൾ കഴിഞ്ഞു. തണ്ണീർ തടങ്ങളും ജലസ്രോതസുകളും സംരക്ഷിക്കണമെന്ന വ്യവസ്ഥ നിലനിൽക്കുമ്പോഴാണ് വർക്കലയുടെ ഹൃദയഭാഗത്തുള്ള ഈ കുളം മലിനമായി കിടക്കുന്നത്.
മണ്ണിടിഞ്ഞ് കുളത്തിലേക്ക് വീണ് പുല്ലു വളർന്നു കുളത്തിന്റെ പാർശ്വ ഭാഗങ്ങൾ നികന്നിട്ടുണ്ട്. കുളത്തിന്റെ ഭൂരിഭാഗവും പായൽ നിറഞ്ഞു കിടക്കുകയാണ്. പ്ലാസ്റ്റിക് ഉൾപ്പെടെയുളള മാലിന്യങ്ങളും ഇതിനുള്ളിൽ നിറഞ്ഞു കിടക്കുന്നുണ്ട്. കുളത്തിൽ നിന്നും ദുർഗന്ധവും വമിക്കുന്നുണ്ട്. കുളത്തിന്റെ ചുറ്റുവട്ടം ഇഴ ജന്തുക്കളുടെ ആവാസ കേന്ദ്രമായി മാറിയിട്ടുണ്ട്.
മുണ്ടയിൽ കുളം വറ്റിയ ചരിത്രം ഇല്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഒരുകാലത്ത് പ്രദേശവാസികൾ കുളിക്കുന്നതിനും തുണി അലക്കുന്നതിനുമൊക്കെ ഈ കുളം ഉപയോഗിച്ചിരുന്നു. കൂടാതെ മുണ്ടയിൽ ഏലായിലെ നെൽപ്പാടങ്ങളിലെ കാർഷിക വൃത്തിക്കും ഇതിലെ ജലം ഉപയോഗിച്ചിരുന്നു. വയൽ കണ്ടങ്ങൾ ഇല്ലാതായതോടെ ഈ കുളത്തിനെ ആരും തിരിഞ്ഞു നോക്കിയതുമില്ല.
പരമ്പരാഗത ജലസ്രോതസുകളുടെ സംരക്ഷണം മുണ്ടയിൽ കുളത്തിന്റെ കാര്യത്തിൽ നടക്കുന്നില്ല. ഏതാനും വർഷങ്ങൾക്ക് മുൻപ് നാട്ടുകാർ ഈ കുളം ശുചീകരണം നടത്തിയതല്ലാതെ പ്രാദേശിക ഭരണകൂടത്തിന്റെ നേതൃത്വത്തിൽ യാതൊരു നവീകരണവും നടത്തിയിട്ടില്ല. കുളത്തിന്റെ ചില ഭാഗങ്ങളിൽ കൈയേറ്റങ്ങളും നടന്നിട്ടുണ്ട്. മുണ്ടയിൽകുളം ശുചീകരിച്ച് നാട്ടുകാർക്ക് ഉപയോഗപ്പെടുത്തണമെന്നും നീന്തൽ പരിശീനത്തിനുള്ള സംവിധാനങ്ങൾ ഒരുക്കി ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നാണ് മുണ്ടയിൽ നിവാസികളുടെ ആവശ്യം