തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസോലേഷൻ വാർഡിൽ രണ്ടു രോഗികൾ തൂങ്ങി മരിച്ച സംഭവത്തിലെ ഗുരുതര വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും യുവ മോർച്ചയും നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചുകൾ അക്രമാസക്തമായി. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ജലപീരങ്കി പ്രയോഗമുണ്ടായി. രണ്ടു യുവമോർച്ച പ്രവർത്തകർ ബാരിക്കേഡ് ചാടിക്കടന്ന് സെക്രട്ടേറിയറ്റിനുള്ളിൽ പ്രവേശിച്ചു. അകത്തുണ്ടായിരുന്ന പൊലീസ് ഇവരെ പിടികൂടി കന്റോൺമെന്റ് സ്റ്റേഷന് കൈമാറി. അതിക്രമിച്ച് കടന്നതിന് ഇരുവർക്കുമെതിരെ കേസെടുത്തു. യൂത്ത് കോൺഗ്രസ് മാർച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. രോഗികൾ ആത്മഹത്യ ചെയ്യേണ്ടിവന്ന സാഹചര്യത്തെ കുറിച്ച് സർക്കാർ ഗൗരവപൂർവം അന്വേഷിക്കണമെന്നും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിയെന്നും രോഗികളുടെ ആത്മഹത്യയിൽ ഉദ്യോഗസ്ഥ വീഴ്ച അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.എസ്. ശബരീനാഥൻ എം.എൽ.എ, എം.എസ്. നുസൂർ, എസ്.എം. ബാലു, ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട് തുടങ്ങിയവർ പങ്കെടുത്തു. യുവമോർച്ച മാർച്ചിനിടെ ജില്ലാസെക്രട്ടറി ആനന്ദ്, പ്രവർത്തകൻ ഹരിപ്രസാദ് എന്നിവരാണ് ബാരിക്കേഡ് മറികടന്ന് സെക്രട്ടേറിയറ്റിനുള്ളിലേക്ക് കയറിയത്. മാർച്ച് സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണ ഉദ്ഘാടനം ചെയ്തു. ആത്മഹത്യകളുടെ നാടായി കേരളത്തെ മാറ്റിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. സംഘർഷത്തെ തുടർന്നു റോഡ് ഉപരോധിച്ച സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌തുനീക്കി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ആർ. അനുരാജ്, ബി.എൻ. അജേഷ്, ജില്ലാ പ്രസിഡന്റ് ആർ. സജിത്ത്, ജനറൽ സെക്രട്ടറി നന്ദു എസ്. നായർ, സെക്രട്ടറി ആശാനാഥ്, അനൂപ്, കവിത എന്നിവർ പങ്കെടുത്തു.