കിളിമാനൂർ: ഒരുകാലത്ത് സംസ്ഥാന പാതയിൽ കൊളോണിയൽ കാലഘട്ടത്തിന്റെ സ്മരണകളും പേറി ചിറ്റാറിന് കുറുകെ നിലനിന്നിരുന്ന പഴയപാലം ഇന്ന് അപകടാവസ്ഥയിലും അവഗണനയിലും. നിലവിൽ കിളിമാനൂർ ടൗണിനെ കുന്നുമ്മലുമായി ബന്ധിപ്പിക്കുന്ന ഈ പഴയപാലം അപകട ഭീഷണിയിലാണ്. സർവീസ് ബസ് ഉൾപ്പെടെ നൂറു കണക്കിന് വാഹനങ്ങൾ ഇതു വഴി കടന്നു പോകുന്നുണ്ട്. സംസ്ഥാന പാതയിൽ പുതിയ പാലം നിർമ്മിച്ചെങ്കിലും കുന്നുമ്മൽ ഭാഗത്തേക്കുള്ള ഗതാഗത സൗകര്യത്തിനായി പഴയ പാലം നിലനിറുത്തുകയായിരുന്നു. കഷ്ടിച്ച് ഒരു വാഹനത്തിന് കടന്നു പോകാൻ തക്ക വീതി മാത്രമാണ് ഈ പാലത്തിനുള്ളത്. കൈവരിയായി കമ്പിവേലിയാണുള്ളത്. രണ്ടടി പോലും ഈ സംരക്ഷണ വേലിക്കില്ല. കമ്പി വേലി ദ്രവിച്ച് ഇളകിയ നിലയിലാണ്. വേലിയെ മറച്ച് കൊണ്ട് കാട്ടുചെടികളും വളർന്ന് പന്തലിച്ചിട്ടുണ്ട്. വാഹനങ്ങൾ കടന്നു വരുമ്പോൾ വഴിയാത്രക്കാർ ഉയരം കുറഞ്ഞ കമ്പിവേലിക്കരികിലൂടെ ജീവൻ പണയം വച്ചാണ് കടന്നു പോകുന്നത്. മാസങ്ങൾക്ക് മുൻപ് ഇതു വഴി നടന്നു പോയ കാൽ നടയാത്രക്കാരൻ മുപ്പതടിയോളം താഴ്ചയുള്ള ചിറ്റാറിലേക്ക് കാൽ വഴുതി വീണിരുന്നു. പിറ്റേ ദിവസം രാവിലെയാണ് ഇദ്ദേഹത്തെ നാട്ടുകാരും, പൊലീസും ചേർന്ന് രക്ഷപ്പെടുത്തിയത്. തടയണയിൽ വെള്ളം ഉണ്ടായിരുന്നതുകൊണ്ടാണ് ജീവഹാനി സംഭവിക്കാതിരുന്നത്. പാലത്തിന് അമ്പത് മീറ്റർ മാത്രം അകലെയാണ് കിളിമാനൂർ ഗവ: ടൗൺ യു.പി.എസ് സ്ഥിതി ചെയ്യുന്നത്. സ്കൂൾ സമയങ്ങളിൽ ഇതു വഴി കടന്നു വരുന്ന കുട്ടികൾ അപകടത്തിൽ പെടാൻ സാദ്ധ്യതയുണ്ട്. അടിയന്തരമായി പാലത്തിന് ഇരു വശവും പടർന്ന് പന്തലിച്ച കാടുകൾ വെട്ടിനീക്കുകയും, ഉയരമുള്ള സംരക്ഷണ ഭിത്തി നിർമ്മിക്കുകയും വേണം.