malu

വെഞ്ഞാറമൂട് : കഴിഞ്ഞ 24 വർഷമായി നാലു ചുവരുകൾക്കുള്ളിൽ ലോക്ക് ഡൗണിലായ മഹിമ (മാളു) യുടെ നാളെകൾ ചോദ്യ ചിഹ്നമാവുകയാണ്. വെമ്പായം നെടുവേലിയിൽ എം.എം നിവാസിൽ പ്രേമകുമാർ -ജലജ ദമ്പതികളുടെ മകൾ മാളു സെറിബ്രൽ പൾസി'യുടെ പിടിയിലാണ്. ജനിച്ചു മൂന്നാം നാൾ ശ്വാസ തടസം വന്നതായിരുന്നു തുടക്കം. നീണ്ട ചികിത്സയ്‌ക്കൊടുവിലായിരുന്നു രോഗം തിരിച്ചറിഞ്ഞത്. കൂലിപ്പണിക്കാരനായ അച്ഛനും വീട്ടമ്മയായ അമ്മയ്ക്കും താങ്ങാൻ പറ്റുന്നതിനപ്പുറമായിരുന്നു ചികിത്സ ചെലവ്. അലോപ്പതിയും ആയുർവേദവുമെല്ലാം മാറി മാറി പരീക്ഷിച്ചു. ആയുർവേദ ചികിത്സ കഴിഞ്ഞപ്പോൾ കൈ ചെറുതായി അനക്കാൻ പറ്റുന്ന സ്ഥിതിയായി. നീണ്ട ചികിത്സയും മരുന്നുകളും കാരണം മഹിമയുടെ ശരീരം വണ്ണം വെച്ചു. ഇക്കാരണത്താൽ കുളിപ്പിക്കാനും മറ്റും 'വലിച്ചിഴച്ചാണ് കൊണ്ടുപോകുന്നത്. അമ്മ ജലജയുടെ കണ്ണിന്റെ നാലു ഓപ്പറേഷൻ കഴിഞ്ഞു. ഒരു കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. ഇടയ്ക്കിടെ ബി.പി കൂടി ശരീരത്തിന്റെ ഒരു ഭാഗം മരവിച്ച അവസ്ഥയിലുമാണ്. മഹിമയെ ആശുപത്രിയിൽ കൊണ്ടുപോകേണ്ട ഒരു അവസ്ഥ വന്നാൽ വഴി ഇല്ലാത്തതിനാൽ ആശുപത്രിയിൽ കൊണ്ടുപോകാതെ രോഗ വിവരം പറഞ്ഞു മരുന്ന് വാങ്ങിക്കുകയാണ് പതിവ്. പാലിയേറ്റീവ് കെയറിന്റെ സഹായവും പെൻഷനും കിട്ടുന്നുണ്ടെങ്കിലും ജലജയ്ക്കും അസുഖം ബാധിച്ചപ്പോൾ ദുരിതത്തിന്റെ ആക്കം കൂടി. വീട്ടിലേക്കുള്ള വഴി സൗകര്യം ഇല്ലാത്തതിനാൽ ലോക്ക് ഡൗൺ ആയപ്പോൾ പല സംഘടനകളും കൊടുക്കുന്ന ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെട്ട സൗജന്യ കിറ്റ് പോലും കിട്ടാറില്ല. ഒടുവിൽ ജലജയുടെ ഒപ്പം പഠിച്ചവരുടെ സൗഹൃദ കൂട്ടായ്മയാണ് സഹായങ്ങൾ എത്തിച്ചു കൊടുത്തത്. മാളുവിനെ സുരക്ഷിത സ്ഥാനത്തു ഏൽല്പിച്ചാലേ ജലജയുടെ തുടർ ചികിത്സയും നടക്കൂ. അതിനായി സുമനസുകളുടെ കരുണ കാത്തിരിക്കുകയാണ് മഹിമ. അക്കൗണ്ട് നമ്പർ, കാനറാ ബാങ്ക് വെമ്പായം ബ്രാഞ്ച് 3586 108 000 665, if sc, CNR OOO 3586.