വെഞ്ഞാറമൂട് : പൊലീസിന്റെ ആപ്പിന് പേരു നൽകിയ മകനെ തിരക്കി വരുന്നവരെക്കൊണ്ടും ഫോണെടുത്തും ഇപ്പോൾ പൊല്ലാപ്പിലായത് അമ്മ നളിനിയാണ്. ശ്രീകാന്ത് നാട്ടിൽ ആണെന്ന് ധരിച്ചാണ് പലരും വെഞ്ഞാറമൂട് ആറാംതാനത്തുള്ള ഹേമന്ത് ഭവനിലെത്തുന്നത്. എന്നാൽ ശ്രീകാന്ത് ഇപ്പോൾ ദുബായ് എമിറേറ്റ്സ് ഗ്രൂപ്പ് ട്രാൻസ്‌ഗർഡിൽ ഇൻവെന്ററി കണ്ട്രോൾ തസ്തികയിൽ ജോലി ചെയ്തുവരികയാണ്. ആനകുടി ഗവൺമെന്റ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഉപരിപഠനത്തിന് ശേഷം ബന്ധുവിന്റെ സ്റ്റുഡിയോയിൽ ഗ്രാഫിക് ഡിസൈൻ ചെയ്തു വരവേയാണ് ദുബായിലുള്ള ഒരു ബന്ധു വഴി എമിറേറ്റ്സ് ഗ്രൂപ്പിൽ ജോലിക്ക് കയറിയത്. കഴിഞ്ഞ 6 വർഷമായി അവിടെയാണ് ജോലി. പൊലീസ് ഫേസ്ബുക്ക് പേജ് തുടങ്ങിയപ്പോഴേ അതിൽ ജോയിന്റ് ചെയ്തിരുന്നു. ഗ്രൂപ്പിന്റെ വലിയ ഒരു ഫാൻ കൂടിയാണ് ശ്രീകാന്ത്. കേരള പൊലീസിന്റെ എല്ലാ സേവനങ്ങൾക്കും സംയോജിപ്പിച്ചു രൂപീകരിച്ച പുതിയ ആപ്പ് ആണ് പൊൽ -ആപ്പ്. വളരെ ആകർഷണീയമായ പേര് നിർദ്ദേശിക്കാൻ ഔദ്യോഗിക പേജിലൂടെ പൊലീസ് അഭ്യർത്ഥിച്ചിരുന്നു. അതിൽ ഏറെ പേർക്ക് ഇഷ്ടപ്പെട്ടത് ശ്രീകാന്ത് നിർദ്ദേശിച്ച പേരായിരുന്നു.