sivagiri

തിരുവനന്തപുരം : ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി ഗുരുദേവനോടും കേരളത്തിലെ ജനങ്ങളോടും ശ്രീനാരായണ പ്രസ്ഥാനങ്ങളോടും കാണിച്ച വഞ്ചനയാണെന്ന് സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു പറഞ്ഞു. ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി ഐ യുടെ നേതൃത്വത്തിൽ രാജ്ഭവന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 69 കോടി രൂപയുടെ ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി തീർത്ഥാടന ടൂറിസത്തിന് അനിവാര്യമാണ് . സംസ്ഥാനത്തെ വിവിധ മതങ്ങളിലെ 133 പ്രധാന ആരാധനാ കേന്ദ്രങ്ങളെ ഉൾപ്പെടുത്തി നടപ്പാക്കാൻ തീരുമാനിച്ചിരുന്ന സ്പിരിച്വൽ ടൂറിസം പദ്ധതി റദ്ദാക്കിയ തീരുമാനവും പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ.അനിൽ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി.ശശി, സി.ദിവാകരൻ എം.എൽ.എ, എൻ.രാജൻ, മാങ്കോട് രാധാകൃഷ്ണൻ, മീനാങ്കൽ കുമാർ, പള്ളിച്ചൽ വിജയൻ എന്നിവർ പങ്കെടുത്തു.