general

ബാലരാമപുരം: ഒമ്പത് ഗിന്നസ് റെക്കാഡ് കരസ്ഥമാക്കിയ ഗിന്നസ് കുമാറിന്റെ കുടുംബം അപൂർവ നേട്ടത്തിലേക്ക്. കൈകൾ നേർദിശയിലും വിപരീത ദിശയിലും അറുപത് സെക്കൻഡിനുള്ളിൽ 117 തവണ കറക്കിയാണ് ഗിന്നസ് കുമാറിന്റെ മാതാവ് നാഗർകോവിൽ നേശമണി നഗറിൽ എഴുപത്തിമൂന്നുകാരിയായ വി. മുത്തുലക്ഷ്മി ഇൻക്രഡിബിൾ ബുക്ക് ഒഫ് റെക്കാഡിൽ കഴിഞ്ഞ ദിവസം ഇടം നേടിയത്. ഇതാദ്യമാണ് സീനിയർ സിറ്റിസൺ വിഭാഗത്തിൽ ഒരുസ്ത്രീ ഇത്തരത്തിൽ അഭ്യാസം നടത്തുന്നത്. ഇവരുടെ തമിഴ്നാട് നാഗർകോവിലെ വസതിയിലായിരുന്നു അഭ്യാസം നടന്നത്. മുത്തു ലക്ഷ്മി കൈകൾ നേരായ ദിശയിലും വിപരീത ദിശയിലും കറക്കി ലോക ശ്രദ്ധയാകർഷിക്കുന്ന വീഡിയോ തമിഴ് മാദ്ധ്യമങ്ങളിലും യൂ ട്യൂബിലും ഇതിനോടകം വൈറലായിട്ടുണ്ട്. ഗിന്നസ് കുമാറിന്റെ ഭാര്യയും മക്കളുമെല്ലാം ഇൻക്രഡിബിൾ ബുക്ക് ഒഫ് റെക്കാ‌ഡിൽ ഇടം നേടിയവരാണ്. ഇതൊടെ ഗിന്നസ്‌ കുമാറിന്റെ കുടുംബത്തിലെ എല്ലാവരും ലോകറെക്കാഡ് പട്ടികയിലായി. വൃദ്ധയായ മാതാവിന് ഇത് സാദ്ധ്യമാണെങ്കിൽ നമ്മുടെ യുവാക്കൾക്കും മദ്ധ്യവയസ്കർക്കും ഒരാഴ്ച് കൊണ്ട് നിഷ്പ്രയാസം സാധിക്കുമെന്നാണ് ഗിന്നസ് കുമാർ പറയുന്നു. ബാക്ക്വഡ് ബ്രെയിൻ സൈക്കിളിൽ ആദ്യ ഗിന്നസ് റെക്കാഡ് ജേതാവാണ് ഗിന്നസ് കുമാർ. പിതാവ് പരേതനായ കരുണാകരപിള്ള ഇന്ത്യൻ റെയർ എർത്ത്സ് ഡിപ്പാർട്ട്മെന്റ് മണവാളക്കുറിച്ചിയിലെ സീനിയർ അസിസ്റ്റായി വിരമിച്ചയാളാണ്.

ഫോട്ടോ... ഗിന്നസ് കുമാറിന്റെ മാതാവ് മുത്തുലക്ഷ്മി നാഗർകോവിലിലെ വസതിയിൽ