pj

തിരുവനന്തപുരം: കേരള കോൺഗ്രസിലെ തർക്കവിതർക്കങ്ങൾക്കെല്ലാം അവധി നൽകി കൊവിഡ് ലോക്ക് ഡൗൺ കാലത്ത് പി.ജെ. ജോസഫ് എം.എൽ.എ മുൻകൈയെടുത്ത് ഒരുക്കിയ സംഗീത ആൽബം 'ഈ കാലവും കടന്നുപോകും' സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പ്രകാശനം ചെയ്തു. പി.ജെ. ജോസഫ് ചെയർമാനായ ഗാന്ധിജി സ്റ്റഡി സെന്റർ ആണ് ആൽബം നിർമ്മിച്ചത്. നിയമസഭാ മീഡിയ റൂമിൽ നടന്ന ചടങ്ങിൽ സംഗീതജ്ഞൻ രമേശ് നാരായൺ ഏറ്റുവാങ്ങി.

വൈറസ് വ്യാപനത്തിൽ ആശങ്കപ്പെടുകയല്ല, ആത്മവിശ്വാസത്തോടെ മുന്നേറുകയാണ് ‌വേണ്ടതെന്ന സന്ദേശമാണ് ആൽബം നൽകുന്നതെന്ന് സ്പീക്കർ പറഞ്ഞു. പി.ജെ. ജോസഫും ഇതിൽ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. വിധു പ്രതാപ്, എം. രാധാകൃഷ്ണൻ, ലക്ഷ്മി രംഗൻ, ദിവ്യനായർ, എം.എൽ. മീനാക്ഷി എന്നിവരാണ് മറ്റ് ഗായകർ. ആർ.കെ. ദാസ് മലയാറ്റിൽ, നെയ്യാറ്റിൻകര ജയകുമാർ എന്നിവരാണ് ഗാനരചന. സംഗീത സംവിധാനം എം. രാധാകൃഷ്ണൻ. ദൃശ്യാവിഷ്‌കാരം എൽ.വി.അജിത്. നാലു ഗാനങ്ങളാണ് ആൽബത്തിലുള്ളത്. മോൻസ് ജോസഫ് എം.എൽ.എ, ടി.യു. കുരുവിള തുടങ്ങിയവർ പങ്കെടുത്തു.