
തിരുവനന്തപുരം:തലസ്ഥാനത്തുനിന്ന് കാസർകോടുവരെയുള്ള സെമി-ഹൈ സ്‌പീഡ് റെയിലിന് ആവശ്യമായ ഭൂമിയേറ്റെടുക്കാൻ ലാൻഡ് അക്വിസിഷൻ സെല്ലുകൾ ജില്ലകളിൽ ഉടൻ ആരംഭിക്കും. പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാനുള്ള നടപടികളും ഇതോടൊപ്പം നീക്കും.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം ഭൂമിയേറ്റെടുക്കലിന് അനുമതി നൽകിയിരുന്നു.
ഏറ്റെടുക്കുന്ന 1226 ഹെക്ടർ ഭൂമിയിൽ 1074.19ഹെക്ടർ സ്വകാര്യഭൂമിയാണ്. ഇതിനാവശ്യമായ 8656 കോടി രൂപ ഹഡ്കോയിൽ നിന്ന് കുറഞ്ഞ പലിശയ്ക്ക് വായ്പയായി കിട്ടും. എസ്.ബി.ഐ, ബാങ്ക് ഒഫ് ബറോഡ, കിഫ്ബി എന്നിവയും വായ്പ വാഗ്ദാനം ചെയ്തിട്ടുണ്ട്.
വായ്പ അടുത്ത വർഷം
പരിഗണിക്കാം: ജൈക്ക
ഭൂമിവിലയൊഴികെ വായ്പ നൽകാൻ സന്നദ്ധത പ്രകടിപ്പിച്ച ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻഏജൻസിയുമായി (ജൈക്ക) ഇന്നലെ റെയിൽ വികസന കോർപറേഷൻ (കെ.ആർ.ഡി.സി.എൽ) ചർച്ചനടത്തി. ഇക്കൊല്ലത്തെ വായ്പാപരിധി കഴിഞ്ഞെന്നും കേന്ദ്രസർക്കാർ വഴി വിശദപദ്ധതിരേഖ (ഡി.പി.ആർ) സമർപ്പിച്ചാൽ അടുത്തവർഷം പരിഗണിക്കാമെന്നും അവർ അറിയിച്ചു.
33,700കോടി രൂപയാണ് വിദേശവായ്പയായി വാങ്ങുന്നത്. 2022ൽ പാത നിർമ്മാണം തുടങ്ങുമ്പോഴേ ഈ തുക വേണ്ടിവരൂ.
ന്യൂ ഡവലപ്മെന്റ് ബാങ്ക് (എൻ.ഡി.ബി), ഫ്രഞ്ച് വികസനബാങ്ക് (എ.എഫ്.ഡി), ഏഷ്യൻ വികസനബാങ്ക് (എ.ഡി.ബി), ലോകബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് (എ.ഐ.ഐ.ബി) എന്നിവയുമായും ചർച്ച നടക്കുന്നുണ്ട്.
ഡി.പി.ആർ
വിശദപദ്ധതിരേഖ (ഡി.പി.ആർ) ദക്ഷിണറെയിൽവേയ്ക്ക് നേരത്തേ കൈമാറിയിരുന്നു. നിർദ്ദേശങ്ങൾ സഹിതം അവർ റെയിൽവേ മന്ത്രാലയത്തിന് കൈമാറണം.
റെയിൽവേ ട്രാക്കുകളുടെ വശങ്ങളിലെ കേബിളുകൾ മാറ്റിയിടണം, നിലവിലെ ട്രെയിൻ ഗതാഗതത്തെ ബാധിക്കരുത് തുടങ്ങിയ വ്യവസ്ഥകളോടെ ദക്ഷിണ റെയിൽവേ ഡി.പി.ആർ അംഗീകരിച്ചിട്ടുണ്ട്.
7500
ഹൈസ്പീഡ് പാത വരുന്നതോടെ പ്രതിദിനം റോഡിൽനിന്നൊഴിവാകുന്ന കാറുകൾ
500
ഹൈസ്പീഡ് റെയിൽ വഴി ചരക്കുനീക്കം നടത്തുന്ന ലോറികൾ
''സ്ഥല ഉടമകൾക്ക് ആകർഷകമായ നഷ്ടപരിഹാരം നൽകും. 11,000 പേർക്ക് തൊഴിൽ ലഭിക്കും.
വി.അജിത്കുമാർ
എം.ഡി, റെയിൽ വികസനകോർപറേഷൻ