വിതുര: നദിയിൽ വീണ മരങ്ങൾ മുറിച്ചുമാറ്റാൻ വൈകുന്നതുമൂലം കുടിവെള്ളം മലിനപ്പെടുകയും, നദി ഗതിമാറി ഒഴുകി നാശനഷ്ടങ്ങൾ വിതയ്ക്കുകയും ചെയ്യുന്നതായി പരാതി. വാമനപുരം നദിയിൽ കല്ലാറിൽ റോഡരികിൽ നിന്ന കൂറ്റൻ ആഞ്ഞിലി മരം കഴിഞ്ഞ മാസം ഉണ്ടായ ശക്തമായ കാറ്റത്ത് കടപുഴകി നദിയിലേക്ക് വീണിരുന്നു. മരത്തിന്റെ ഇലകൾ മുഴുവൻ അഴുകിയതിനെ തുടർന്ന് കുടിവെള്ളം മലിനമായ സ്ഥിതിയിലാണ്. മഴക്കാലത്ത് നദിയിൽ ശക്തമായ ഒഴുക്കുണ്ടാകുമ്പോൾ മരം വീണ് കിടക്കുന്ന ഭാഗത്ത് തടസം ഉണ്ടാവുകയും, കരയിലേക്ക് വെള്ളം കയറുകയും ചെയ്യും. ഇൗ ഭാഗത്ത് വ്യാപകമായി കരയിടിച്ചിലും ഉണ്ടായതായി കല്ലാർ നിവാസികൾ പറയുന്നു. മരം മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അനവധി തവണ പഞ്ചായത്തിലും, പി.ഡബ്ല്യു.ഡി അധികൃതർക്കും പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചില്ല. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ വനമേഖലയിൽ നിന്നും ഒഴുകി വന്ന മരങ്ങളും, പാറകളും മരം കിടന്ന ഭാഗത്ത് അടിയുകയും നദി ഗതി മാറി ഒഴുകുകയും ചെയ്തിരുന്നു. അതേ സമയം കല്ലാർ മീൻമുട്ടിയിലേക്ക് പോകുന്ന ഭാഗത്ത് നദിയിൽ വീണ് കിടന്ന മരം കഴിഞ്ഞദിവസം മഴയത്ത് ഫയർഫോഴ്സ് എത്തി മുറിച്ചു മാറ്റി. ആനപ്പാറ ചിറ്റാറിലും റോഡരികിൽ നിന്ന മരം രണ്ടാഴ്ച മുൻപ് ആറ്റിലേക്ക് കടപുഴകി വീണിരുന്നു. ഈ മരവും മുറിച്ചുമാറ്റിയില്ല.
മഴ കനത്താൽ
ഇവിടെ മഴക്കാലമായാൽ വെള്ളപ്പൊക്കം ഉണ്ടാവുകയും പൊൻമുടി റോഡിലേക്ക് വെള്ളം കയറി ഗതാഗതം തടസപ്പെടുകയും ചെയ്യാറുണ്ട്. മഴക്കാലത്ത് അനവധി തവണ പാലം വെള്ളത്തിനടിയിലായിട്ടുണ്ട്. പാലത്തിന്റ അടുത്തതാണ് മരം വീണ് കിടക്കുന്നത്. മരം കടുപുഴകിയത് മൂലം ചിറ്റാറിൽ നിന്നും എട്ടേക്കർ ഭാഗത്തേക്കുള്ള റോഡും അപകടാവസ്ഥയിലായി. ചിറ്റാർ, എട്ടേക്കർ നിവാസികൾ മരം മുറിച്ച് അപകടം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അനവധി തവണ ബന്ധപ്പെട്ടവർക്ക് പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ല. മരം അടിയന്തരമായി മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പടിക്കൽ സമരം നടത്തുമെന്ന് ബി.ജെ.പി വിതുര പഞ്ചായത്ത് സമിതി അറിയിച്ചു.