photo

നെടുമങ്ങാട്: തീരസംരക്ഷണ പ്രവർത്തനങ്ങളിൽ പുതിയ മാതൃക തീർത്ത് കിള്ളിയാറിന്റെ കരകളിൽ ഉദ്യാനഭംഗി നുകർന്ന് വൈകാതെ തന്നെ സൈക്കിൾ സവാരി നടത്താം. നദിയുടെ ഇരുകരകളിലും സംരക്ഷണഭിത്തി,​ പാർക്കുകൾ,​ സൈക്കിൾ വേ,​ ഫെൻസിംഗ്,​ ചെക്ക് ഡാം,​ എന്നിവയുടെ നിർമ്മാണത്തിനായി 8.25 കോടി രൂപയുടെ ഭരണാനുമതിയായി. നെടുമങ്ങാട് നഗരസഭയുടെയും വിവിധ ഗ്രാമപഞ്ചായത്തുകളുടെയും ഗ്രാമപഞ്ചായത്തുകളുടെയും മേൽനോട്ടത്തിൽ മൈനർ-മേജർ ഇറിഗേഷൻ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തയ്യാറാക്കി സമർപ്പിച്ച എസ്റ്റിമേറ്റിനാണ് സർക്കാർ അംഗീകാരം നല്കിയത്. നെടുമങ്ങാട് നഗരസഭ, കരകുളം,​ പനവൂർ ഗ്രാമപഞ്ചായത്തുകൾ എന്നിവ പദ്ധതി നിർവഹണത്തിന്റെ മുന്നോടിയായി തീരപ്രദേശങ്ങളിൽ നടത്തിയ അളവെടുപ്പിൽ ഇരുപത് ഏക്കറിലധികം സ്ഥലം വീണ്ടെടുത്തു. നദിയിൽ നീരൊഴുക്ക് സുഗമമാക്കുന്നതിന് പുറമെ, തീരം സംരക്ഷിച്ച് ഉദ്യാന വത്കരണവും വിനോദ സഞ്ചാരവും ഉറപ്പാക്കുകയാണ് ലക്ഷ്യം. ബാംബൂ കോർപ്പറേഷന്റെ മേൽനോട്ടത്തിൽ തീരങ്ങളിൽ അയ്യായിരം മുളന്തൈ നട്ടു പിടിപ്പിക്കുന്ന പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ചു. നെടുമങ്ങാട് ഉളിയൂർ കടവിൽ മന്ത്രി ഇ.പി. ജയരാജൻ മുളന്തൈ നട്ട് ഉദ്‌ഘാടനം നിർവഹിച്ചു. നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ സ്വാഗതം പറഞ്ഞു. എം.എൽ.എമാരായ സി. ദിവാകരൻ, അഡ്വ. ഡി.കെ. മുരളി, മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ ലേഖാ വിക്രമൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി. ഹരികേശൻ നായർ, ആർ. മധു, ടി.ആർ. സുരേഷ്‌കുമാർ, നഗരസഭ സെക്രട്ടറി എസ്. നാരായണൻ എന്നിവർ നേതൃത്വം നൽകി. ബാംബൂ കോർപ്പറേഷൻ ചെയർമാനും മാനേജിംഗ് ഡയറക്ടറും പദ്ധതി അവലോകനം നടത്തി. രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തകരും തദ്ദേശ ജനപ്രതിനിധികളും തൈ നടീലിൽ അണിനിരന്നു.

ശാപമോഷം നേടി കിള്ളിയാർ.

വഴയില പാലം മുതൽ കല്ലമ്പാറ വരെ മാലിന്യമടിഞ്ഞ്, ദുർഗന്ധം പേറിയിരുന്ന അവസ്ഥയായിരുന്നു അടുത്ത കാലം വരെ കിള്ളിയാറിന്റേത്. ചെറുമഴയത്ത് പോലും വെള്ളം കരകവിയും. അഴുക്കുവെള്ളം വീണാൽ പുറം ചൊറിഞ്ഞടരും. 2018 ൽ 'കിള്ളിയാർ ഒഴുകും സ്വസ്ഥമായി" എന്ന സന്ദേശം ഉയർത്തി ജില്ലാ, ബ്ലോക്ക്, തദ്ദേശ ഭരണകേന്ദ്രങ്ങൾ മുൻകൈ എടുത്ത് നടപ്പിലാക്കിയ സംരക്ഷണ ദൗത്യമാണ് കിള്ളിയാറിന്റെ ദുരവസ്ഥയിൽ മാറ്റമുണ്ടാക്കിയത്. 'പുഴയറിവ്" എന്ന പേരിൽ കൂട്ടായ പുഴ നടത്തം സംഘടിപ്പിച്ച് കൊണ്ടായിരുന്നു മിഷൻ പ്രവർത്തനങ്ങളുടെ തുടക്കം. ആയിരക്കണക്കിന് സന്നദ്ധ, സാംസ്കാരിക സംഘടനാ പ്രവർത്തകരെ അണിനിരത്തി തദ്ദേശ വാർഡുകൾ തോറും 'കിള്ളിയാറൊരുമ" കൂട്ടായ്മയായിരുന്നു അടുത്ത ഘട്ടം. 2018 ഏപ്രിൽ 14 ന് മന്ത്രിമാരുൾപ്പടെ നദിയിലിറങ്ങി. നീരൊഴുക്കിന് തടസമായ കൈയേറ്റങ്ങളെല്ലാം കണ്ടെത്തി. പനവൂർ, ആനാട്, അരുവിക്കര പഞ്ചായത്തുകളുടെ പരിധിയിൽ നടപടികൾ അന്തിമ ഘട്ടത്തിലാണ്. കഴിഞ്ഞ പ്രളയ കാലത്തും കാലവർഷത്തിലും കിള്ളിയാർ കരകവിയാത്തത് മിഷൻ പ്രവർത്തനങ്ങളുടെ നേട്ടമാണ്.

പ്രതികരണം
------------------
''കൈയേറ്റങ്ങളും മാലിന്യ നിക്ഷേപവും നിമിത്തം ഒഴുക്കുനിലച്ച കിള്ളിയാറിനെ വീണ്ടെടുത്തത് നാടിന്റെ ഒത്തൊരുമയുടെ വിജയമാണ്. തുടർപ്രവർത്തനങ്ങളിലും എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കും""


--ചെറ്റച്ചൽ സഹദേവൻ (ചെയർമാൻ, നെടുമങ്ങാട് നഗരസഭ)
-- ബിജു വട്ടപ്പാറ (പ്രസിഡന്റ്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്)