തിരുവനന്തപുരം: സംസ്ഥാനത്ത് ആത്മഹത്യകൾ പെരുകുന്നതിന്റെ ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും സർക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണ് ഇവ നടന്നതെന്നും യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ.പ്രഫുൽകൃഷ്ണൻ പറഞ്ഞു. കേരളത്തിലെ ആത്മഹത്യകൾ പെരുകുന്നതിനെതിരെ യുവമോർച്ച സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവമോർച്ച ജില്ലാ പ്രസിഡന്റ് ആർ സജിത്ത്,സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജെ.ആർ. അനുരാജ്, ബി.എൽ അജേഷ് സംസ്ഥാന സെക്രട്ടറി ബി.ജി. വിഷ്ണു എന്നിവർ സംസാരിച്ചു. സെക്രട്ടേറിയറ്രിലേക്ക് തള്ളിക്കയറിയ യുവമോർച്ച പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് മൂന്ന് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. റോഡ് ഉപരോധത്തെ തുടർന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെയുള്ള പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.