വിതുര: വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നതായി പരാതി. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് മന്ത്രിയും വകുപ്പ് മേധാവികളും അടിക്കടി പ്രഖ്യാപനം നടത്തുമ്പോഴും പ്രദേശത്ത് ഒരാഴ്ചയായി ഇൗ പ്രതിഭാസം തുടരുകയാണ്. പകലും രാത്രിയിലുമായി മണിക്കൂറുകളോളം ഇവിടെ വൈദ്യുതി വിതരണം തടസപ്പെടാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി ഓഫീസുകളിൽ പരാതികൾ നൽകിയിട്ടുണ്ടെങ്കിലും പ്രശ്നത്തിന് യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല. വിതുര പഞ്ചായത്തിനെ ആപേക്ഷിച്ച് തൊളിക്കോട് പഞ്ചായത്തിലാണ് വൈദ്യുതി മുടക്കം രൂക്ഷമായിട്ടുള്ളത്. കഴിഞ്ഞമാസവും ഇതേ അവസ്ഥയുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. നിലവിലെ സാഹര്യത്തിൽ ഓൺലൈൻ വഴി അദ്ധ്യയന വർഷം ആരംഭിച്ച സാഹചര്യത്തിൽ അടിക്കടിയുള്ള വൈദ്യുതി മുടക്കം വിദ്യാർത്ഥികളെയും ദുരിതത്തിലാഴ്ത്തുന്നുണ്ട്. ക്ളാസുകൾ ഇങ്ങനെ നഷ്ടപ്പെടുന്നത് വിദ്യാർത്ഥികളെ വിഷമിത്തിലാക്കുന്നെന്നും,​ വിദ്യാർത്ഥികളുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും രക്ഷിതാക്കൾ പറയുന്നു. രണ്ട് പഞ്ചായത്തുകളിലെയും മിക്ക പ്രദേശങ്ങളിലും വൈദ്യുതി ലൈനുകൾക്ക് മുകളിൽ മരങ്ങളുടെ ശിഖരങ്ങൾ അപകടാവസ്ഥയിൽ നിൽക്കുന്നുണ്ട്. കാറ്റിലും മഴയിലും ശിഖരങ്ങൾ അടർന്നുവീണ് ഇവിടെ വൈദ്യുതി വിതരണം തടസപ്പെടുന്നത് പതിവാണ്. വൈദ്യുതി വിതരണത്തിലെയും,​ വോൾട്ടേജിലെയും വ്യതിയാനം കാരണം പ്രദേശത്തെ വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങൾ കേടാകുന്നുണ്ട്. ഇടയ്ക്കിടെ വൈദ്യുതി വന്ന് പോകുന്നത് മൂലം ഫ്രിഡ്ജ്, ഫാൻ, ടിവി, ലാപ്ടോപ്പ്, കംപ്യൂട്ടർ തുടങ്ങിയ വിലപിടിപ്പുള്ള വൈദ്യുതി ഉപകരണങ്ങളാണ് കേടാകുന്നത്. വൈദ്യുതി മുടക്കം പ്രദേശത്തെ വ്യാപാരികളെയും നന്നേ വലയ്ക്കുന്നുണ്ട്. വിപണനത്തിനായി ഫ്രിഡ്ജിലും, ഫ്രീസറിലും സൂക്ഷിച്ചിരിക്കുന്ന പാലും ഭക്ഷ്യവസ്തുക്കളും കേടാകുന്നതും വ്യാപാരികൾക്ക് തിരിച്ചടിയാണ്. വൈദ്യുതിവിതരണം സുഗമമാക്കാൻ വൈദ്യുതിവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് വ്യാപാരി സമൂഹം നിരന്തരം ആവശ്യം ഉന്നയിക്കുന്നുണ്ട്. ആനപ്പാറ മുതൽ കല്ലാർ വരെയുള്ള ഭാഗത്ത് മരങ്ങൾ ഒടിഞ്ഞു വീണ് വൈദ്യുതി തടസം പതിവാകുന്നതായും നാട്ടുകാർ അറിയിച്ചു.

വിദ്യാർത്ഥികൾ ബുദ്ധിമുട്ടുന്നു

വൈദ്യുതി തടസം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നത് വിദ്യാർത്ഥി സമൂഹത്തെയാണ്. പകൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നത് മൂലം വിദ്യാർത്ഥികൾക്ക് ഒാൺ ലൈൻ ക്ലാസ് അറ്റൻഡ് ചെയ്യാൻ കഴിയുന്നില്ലെന്ന് വ്യാപകമായി പരാതിയുണ്ട്.ടി.വി.യും പ്രവർത്തിപ്പിക്കാൻ സാധിക്കില്ല. വൈദ്യുതി ഒാഫീസുകളിൽ പരാതി നൽകിയിട്ടും നടപടികൾ സ്വീകരിക്കുന്നില്ലെന്ന് വിദ്യാർത്ഥികൾ പരാതിപ്പെടുന്നു.

പേപ്പാറ ഡാമിൽ വൈദ്യുതി ഉത്പാദനം തകൃതിയായി നടക്കുമ്പോഴാണ് വൈദ്യുതിക്കായി നാട്ടുകാർ നെട്ടോട്ടമോടുന്നത്. പ്രതിദിനം മൂന്ന് മെഗാവാട്ട് വൈദ്യുതി പേപ്പാറ ഡാമിൽ നിന്നും ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും വൈദ്യുതിക്കായി നാട്ടുകാർ സമരം നടത്തേണ്ട അവസ്ഥയാണ് നിലവിൽ.