manikkutti

വിതുര:ഒരു വിദ്യാർത്ഥിയുടെ കൊവിഡ് കാല സേവനം പ്രമേയമാക്കി വിതുര ഗവ.വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റിലെ അണിയറ പ്രവർത്തകർ സംവിധാനം ചെയ്ത 'മണിക്കുട്ടി' എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. മികച്ച ഹൃസ്വ ചിത്രത്തിനുള്ള സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ അവാർഡ് കരസ്ഥമാക്കിയ 'ക്യൂ' എന്നഷോർട്ട് ഫിലിമിന് ശേഷം സ്റ്റുഡന്റ് പൊലീസ് കേഡറ്റ് തയ്യാറാക്കുന്ന രണ്ടാമത്തെ ഹ്രസ്വചിത്രമാണിത്. ലോക്ക്ഡൗൺ കാലത്ത് സ്വന്തം വീട്ടിലെ പട്ടിണി മറച്ചുവച്ച് മറ്റുള്ളവർക്ക് ഭക്ഷണപ്പൊതികളും ഭക്ഷ്യ ധാന്യക്കിറ്റുകളും നൽകാൻ നേതൃത്വം നൽകിയ ഒരു പെൺകുട്ടിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിതുര സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും സ്റ്റുഡന്റ് പൊലീസ് കേഡറ്റുമായ കുമാരി നന്ദിനിയാണ്. അവതാരകനും ചാനൽ ഫെയ്മുമായ ഹിദായത്ത് ജാഫറാണ് ആശയം മുന്നോട്ടു വച്ചത്.വിതുര പഞ്ചായത്തിലെ ആദിവാസി മേഖലകളിലാണ് ചിത്രീകരണം നടത്തിയത്. ആദിവാസികളും പൊലീസുകാരും അഭിനയിച്ചിട്ടുണ്ട്. മണിക്കുട്ടിയുടെ ഓൺലൈൻ പ്രകാശനം തിരുവനന്തപുരം പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിൽ അഡ്മിനിസ്ട്രേഷൻ ഐ.ജി പി.വിജയൻ നിർവഹിച്ചു.