തിരുവനന്തപുരം: ലളിത ജീവിതം കൊണ്ടും വിനയം കൊണ്ടും എല്ലാവരെയും ആകർഷിക്കുന്ന വ്യക്തിത്വമായിരുന്നു ആർ. വേണുഗോപാലിന്റേതെന്ന് മുതിർന്ന ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ പറഞ്ഞു. തുറന്ന ഹൃദയം, നല്ല വായന. രാജകുടുംബത്തിൽ ജനിച്ചിട്ടും തൊഴിലാളികളെ സംഘടിപ്പിക്കാൻ മുന്നിട്ടിറങ്ങി. ഞങ്ങൾ ഒരേനാട്ടുകാർ. ഏതാനും മാസം മുമ്പ് എളമക്കരയിലെ ആർ.എസ്.എസ് സംസ്ഥാന കാര്യാലയത്തിൽ പോയപ്പോൾ വേണുവേട്ടനെ കണ്ടിരുന്നു. അന്ന് അദ്ദേഹത്തിന് ഓർമ്മക്കുറവ് ബാധിച്ചിരുന്നു.
കേരളത്തിൽ ആർ.എസ്.എസ് പ്രവർത്തനം തുടങ്ങിവച്ച നാഗപൂരിൽ നിന്നെത്തിയ നിയമവിദ്യാർത്ഥി ദത്തോപാന്ത് ഠേംഗഡിയാണ് വേണുഗോപാലിനെ ആർ.എസ്.എസിലേക്കാകർഷിച്ചത്. ഗാന്ധി വധത്തെ തുടർന്ന് ആർ.എസ്.എസിനെ നിരോധിച്ചപ്പോൾ സത്യഗ്രഹം നടത്തി അറസ്റ്ര് വരിച്ചു. 80 കളിൽ തലശ്ശേരിയിലും ആലപ്പുഴയിലുമൊക്കെ ആർ.എസ്.എസ് -സി.പി.എം സംഘർഷം കൊലപാതകങ്ങളിൽ കലാശിച്ചപ്പോൾ ദേശീയ തലത്തിൽ അനുരഞ്ജന ശ്രമങ്ങൾക്ക് മുന്നിൽനിന്നവരിൽ വേണുഗോപാലും ഉണ്ടായിരുന്നു. പി. രാമമൂർത്തി ഉൾപ്പെടെയുള്ള അന്നത്തെ സി.ഐ.ടി.യു നേതാക്കളുമായി അദ്ദേഹത്തിനുണ്ടായിരുന്ന സൗഹൃദവും അതിന് ഗുണം ചെയ്തു.