തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ പാളിച്ചയും, അഴിമതി ലക്ഷ്യമിട്ടുള്ള സർക്കാരിന്റെ ഗൂഢപ്രവർത്തനങ്ങളും ആരോപിച്ച് പ്രത്യക്ഷ സമരം നടത്താൻ മാരാർജി ഭവനിൽ ചേർന്ന ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റി യോഗം തീരുമാനിച്ചു.
കൊവിഡ് രോഗികളോടുള്ള സർക്കാർ അനാസ്ഥയ്‌ക്കെതിരെ 15ന് സെക്രട്ടേറിയറ്റ് പടിക്കലും,
17ന് ജില്ലാ, നിയോജക മണ്ഡലം കേന്ദ്രങ്ങളിലും ധർണ നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അറിയിച്ചു. സർക്കാരിന്റെ പിടിപ്പുകേട് മൂലം രണ്ടു കോവിഡ് രോഗികളാണ് ആത്മഹത്യ ചെയ്തത്.. സർക്കാരാശുപത്രികളിൽ രോഗികൾക്കു കരുതലോ ചികിത്സയോ ഇല്ല. പാലക്കാട്ട് രോഗികൾക്ക് സമയത്തിന് മരുന്നും ഭക്ഷണവുമില്ല.ചികിത്സയിലുള്ളവർ ഒളിച്ചോടുന്നതും ആത്മഹത്യ ചെയ്യുന്നതും കേരളത്തിൽ മാത്രമാണ്.പുഴകളിലെ മണൽ വാരാനും ആലപ്പുഴയിൽ കരിമണൽ ഖനനത്തിനും അനുമതി നൽകിയതിന് പിന്നിൽ അഴിമതിയുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.
16ന് വെർച്വൽ റാലി
നരേന്ദ്രമോദി സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി 16ന് വൈകിട്ട് 5ന് ഒരു ലക്ഷം പേരുടെ വെർച്വൽ റാലി നടത്തും. ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷൻ ജെ.പി. നദ്ദ പങ്കെടുക്കുന്ന റാലിയിൽ പ്രവർത്തകർ ഓൺലൈനായി അണിനിരക്കും. കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികൾ ജനങ്ങളിലെത്തിക്കാനുള്ള പ്രചാരണം ഊർജിതപ്പെടുത്താനും കോർ കമ്മറ്റി തീരുമാനിച്ചു.