venugopal

തിരുവനന്തപുരം: പ്രതിരോധമേഖലയിൽ ട്രേഡ് യൂണിയൻ അനുമതി നേടിയെടുക്കുന്നതിന്‌ വിപ്ളവാത്മകമായ നേതൃത്വം വഹിച്ച തൊഴിലാളി സംഘടനാനേതാവാണ് കഴിഞ്ഞ ദിവസം കൊച്ചിയിൽ അന്തരിച്ച ആർ. വേണുഗോപാൽ. 74 വർഷം നീണ്ട ട്രേഡ് യൂണിയൻ പ്രവർത്തനത്തിനിടയിൽ അദ്ദേഹത്തിന്റേതായി രാജ്യത്ത് മുദ്രപതിപ്പിച്ച നേട്ടങ്ങളിലൊന്ന് ഇതാണ്.

ആർ.എസ്.എസ് അനുകൂല തൊഴിലാളി സംഘടനയായ ഭാരതീയ മസ്ദൂർ സംഘിന് 1967 ൽ കേരളത്തിൽ രൂപം കൊടുത്ത ആർ. വേണുഗോപാൽ 79 ലാണ് പ്രതിരോധ മേഖലയിലെ തൊഴിലാളി സംഘടനാ അവകാശത്തിനായി സമരം ചെയ്യുന്നത്. പ്രതിരോധസേനയുടെ കീഴിലുള്ള കൊച്ചിയിലെ നാഷണൽ ഫിസിക്കൽ ആൻഡ് ഒാഷ്യാനോഗ്രാഫിക് ലബോറട്ടറി (എൻ.പി.ഒ.എൽ) യിലെ ജീവനക്കാരുടെ ആദ്യ സംഘടനയായ എൻ.പി.ഒ.എൽ എംപ്ളോയീസ് സംഘിനെ നിരോധിക്കുകയും അതിലെ അംഗങ്ങളെ പുറത്താക്കുകയും ചെയ്തു. ഇതിനെതിരെ അനിശ്ചിതകാല നിരാഹാരം നടത്തിയ വേണുഗോപാലിന്റെ ജീവൻ രക്ഷിക്കാൻ അന്നത്തെ ബി.എം.എസ് സംസ്ഥാന പ്രസിഡന്റും പ്രമുഖ അഭിഭാഷകനുമായ കെ. രാംകുമാർ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് വ്യവസ്ഥകൾക്ക് വിധേയമായി അന്നത്തെ പ്രതിരോധമന്ത്രി സി. സുബ്രഹ്മണ്യം സംഘടനാസ്വാതന്ത്ര്യം അനുവദിക്കുകയായിരുന്നു. ഇതേ തുടർന്നാണ് കൊച്ചിയിലെ നേവൽ ബേസ്, എം.ഇ.എസ് തുടങ്ങി ബംഗളൂരുവിലെ ബി.എച്ച്. ഇ.എൽ, എൻ.എ.എൽ തുടങ്ങിയ വിവിധ സ്ഥാപനങ്ങളിൽ ട്രേഡ് യൂണിയനുകൾ ആരംഭിച്ചത്. ബി.എം.എസിന് പ്രതിരോധ വ്യവസായ തൊഴിലിടങ്ങളിൽ വേരോട്ടമുണ്ടാകാനും വേണുഗോപാൽ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടാനും ഇടയാക്കിയത് ഇൗ സംഭവമായിരുന്നു.

അന്താരാഷ്ട്ര തൊഴിലാളി സംഘടനാവേദിയായ ഇന്റർനാഷണൽ ലേബർ ഒാർഗനൈസേഷനിൽ 12 വർഷം അംഗമായിരുന്ന വേണുഗോപാൽ രണ്ടുതവണ ഇന്ത്യൻ സംഘത്തെ നയിച്ചു. സോഷ്യൽ പ്രിവൻഷൻ കൺസെപ്റ്റിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ മൂന്നാം ലോകരാജ്യങ്ങളെ, ബാലവേല നിയന്ത്രണവും പരിസ്ഥിതി സംരക്ഷണ നടപടികളുമില്ലെന്ന കാരണം പറഞ്ഞ് കയറ്റുമതി നിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഐ.എൽ.ഒ നീക്കത്തെ 1993ൽ ജനീവയിൽ നടന്ന യോഗത്തിൽ എതിർത്തതും വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു.