nh

കഴക്കൂട്ടം: എലിവേറ്റഡ് ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണത്തിൽ അനുഭവപ്പെടുന്ന ഗതാഗതകുരുക്കിന് പരിഹാരമായി കഴക്കൂട്ടത്ത് താത്കാലിക റോഡ് നിർമ്മിക്കാൻ ധാരണ. ബൈപാസ് ജംഗ്ഷൻ മുതൽ മഹാദേവർ ക്ഷേത്രം വരെ ദേശീയപാതയ്ക്ക് കിഴക്കുവശത്താണ് താത്കാലിക റോഡ്. കഴിഞ്ഞ ജൂൺ മുതൽ ഏർപ്പെടുത്തിയിരുന്ന ഗതാഗത ക്രമീകരണം കാരണം കഴക്കൂട്ടം ജംഗ്‌ഷൻ രൂക്ഷമായ ഗതാഗത കുരുക്കായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വ്യാപാരികളും മറ്റ് സംഘടനകളും സ്ഥലം എം. എൽ.എ യായ മന്ത്രി കടകംപള്ളി സുരേന്ദ്രന് നിവേദനം നൽകിയിരുന്നു. തുടർന്ന് മന്ത്രി മുൻകൈയെടുത്ത് യോഗം വിളിച്ചു ചേർക്കുകയായിരുന്നു.

മന്ത്രിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കഴക്കൂട്ടം അസി. കമ്മിഷണർ ആർ. അനിൽകുമാർ, ആർ. ഡി.എസ് പ്രതിനിധി കേണൽ രവീന്ദ്രൻ നായർ റവന്യൂ, ജല അതോറിറ്റി, ദേശീയപാത അതോറിറ്റി, വ്യാപാരികൾ തുടങ്ങിയവർ പങ്കെടുത്തു.