തിരുവനന്തപുരം: ആരാധനാലയങ്ങൾ തുറക്കുന്നതിൽ സർക്കാരിന് യാതൊരു പിടിവാശിയുമില്ലെന്നും, തുറക്കേണ്ടെന്ന് തീരുമാനിച്ചവരെ അനുമോദിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്രസർക്കാർ മേയ് മുപ്പതിന് ഇറക്കിയ ഉത്തരവിൽ ജൂൺ എട്ട് മുതൽ ആരാധനാലയങ്ങൾ തുറക്കാമെന്നുണ്ടായിരുന്നു.കേന്ദ്ര ആരോഗ്യമന്ത്രാലയം ജൂൺ നാലിന് ഇക്കാര്യത്തിൽ വിശദമായ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. വിശ്വാസികൾ തമ്മിൽ ആറടി അകലം പാലിക്കൽ, മാസ്ക് ധരിക്കൽ തുടങ്ങി 26 മാനദണ്ഡങ്ങളടങ്ങിയ ഉത്തരവിന്റെ ഭാഗമായാണ് സംസ്ഥാനത്തും ആരാധനാലയങ്ങൾ തുറന്നത്.
കേന്ദ്രസർക്കാർ ഉത്തരവിറക്കിയിട്ടും ഇവിടെ ആരാധനാലയങ്ങൾ തുറന്നില്ലെങ്കിൽ എന്തായിരിക്കും സ്ഥിതി? പലരും പ്രതീക്ഷിച്ചത് അതായിരിക്കും. ഭക്തരുടെ വികാരം ഉൾക്കൊള്ളാത്ത സർക്കാരെന്നല്ലേ പറയുക. അതിനാലാണ് എല്ലാ പ്രശ്‌നങ്ങളും വിശ്വാസി സമൂഹവുമായി ചർച്ച ചെയ്തത്.