ബാലരാമപുരം: കോവളം നിയോജക മണ്ഡലത്തിലെ കല്ലിയൂർ പഞ്ചായത്തിൽ ഉൾപ്പെട്ട വെള്ളായണി കാർഷിക കോളേജ് റോഡ് കായലിൽ മുങ്ങുന്നു. കഴിഞ്ഞ മാസം പെയ്ത കനത്ത മഴയാണ് വെള്ളായണി കാർഷിക കോളേജ് റോഡിനെ പൂർണമായും വെള്ളത്തിലാഴ്ത്തിയത്. ഈ റോഡിലെ ഗതാഗതവും നിലച്ച മട്ടിലാണ്. റോഡിന്റെ ഇരുവശങ്ങളിലും ഇന്റർലോക്ക് പാകിയിട്ടുണ്ടെങ്കിലും കായൽ ജലം കരതൊട്ടതോടെ ഇന്റർലോക്ക് പാകിയതും ഇളകി തുടങ്ങിയിരിക്കുകയാണ്. ഈ പ്രദേശത്തെ ഇളനീർ, തട്ടുകട തുടങ്ങിയ ചെറുകിട കച്ചവടക്കാർക്കും റോഡ് വെള്ളത്തിൽ മുങ്ങിയത് തിരിച്ചടിയായിരിക്കുകയാണ്. സർക്കാർ ഉദ്യോഗസ്ഥരും നാട്ടുകാരും ഇക്കാര്യം പഞ്ചായത്തിന്റെയും മരാമത്ത് അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണമുയർന്നിട്ടുണ്ട്. വെള്ളക്കെട്ടിനെ അതിജീവിച്ച് കടന്നുപോകുന്ന ഇരുചക്രവാഹനങ്ങൾ തകരാറിലായി വഴിയിലാവുന്നതും പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. കല്ലിയൂർ പഞ്ചായത്ത് അസി.സെക്രട്ടറിയുടെ വാഹനവും വെള്ളത്തിലകപ്പെട്ട് തകരാറിലായി. വെള്ള നിറഞ്ഞ ഈ റോഡിലൂടെയുള്ള കാൽ നടയാത്രയും ക്ളേശകരം തന്നെയാണ്. തിരുവല്ലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കരമന-കളിയിക്കാവിള ദേശീയപാത വഴി കൈമനം –കരുമം റോഡ് വഴിയാണ് തിരുവല്ലത്തേക്ക് പോകുന്നത്. അതായത് 17 കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്.
ബോർഡ് സ്ഥാപിക്കണം
വെള്ളായണി –കാർഷിക കോളേജ് റോഡിലേക്ക് വെള്ളം കയറാൻ ഇടയായ സാഹചര്യം ശാസ്ത്രീയ പഠനം നടത്തി മരാമത്ത് –ഇറിഗേഷൻ ഉദ്യോഗസ്ഥർ അടിയന്തരമായി ചർച്ച നടത്തി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വാഹനങ്ങൾ ദിവസേന വെള്ളത്തിലകപ്പെട്ടിട്ടും അപകടസൂചനാ ബോർഡോ, മറ്റ് മുന്നറിയിപ്പുകളോ ഈ ഭാഗത്ത് സ്ഥാപിച്ചിട്ടില്ല. സുരക്ഷാ ബോർഡ് സ്ഥാപിക്കാത്തത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും അധികൃതരുടെയും വീഴ്ചയാണെന്നാണ് നാട്ടുകരുടെ പക്ഷം.