കണ്ണൂർ: പാലത്തായി പീഡന കേസിൽ പ്രതിയായ ബി.ജെ.പി പ്രാദേശിക നേതാവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സ്കൂൾ അദ്ധ്യാപകനായ പ്രതി അതേസ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു എന്നാണ് കേസ്. റിമാൻഡിൽ കഴിയുന്ന ബി.ജെ.പി നേതാവായ പത്മരാജന്റെ ജാമ്യാപേക്ഷയാണ് ജില്ലാ സെഷൻസ് കോടതി തള്ളിയത്. നേരത്തെയും ഇയാളുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടയിലാണ് പ്രതി ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
അദ്ധ്യാപകനുപുറമെ മറ്റൊരാളും വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി ആക്ഷേപമുണ്ടായിരുന്നു. പോക്‌സോ നിയമപ്രകാരം കേസെടുത്ത് ഒരു മാസത്തിനുശേഷമാണ് പ്രതിയെ ഒളിവുകേന്ദ്രത്തിൽനിന്ന് പിടിച്ചത്. ക്രൈംബ്രാഞ്ച് ഡി.ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.