government-medical-colleg

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള കൊവിഡ് സംശയിക്കുന്ന രോഗികളെ സുരക്ഷാ വിഭാഗത്തിന്റെ പ്രത്യേക നിരീക്ഷണത്തിലുള്ള വാർഡിലേക്ക് മാറ്റാൻ തീരുമാനം. കഴിഞ്ഞ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിൽ കൊവിഡ് വാർഡിൽ രണ്ടുപേർ ജീവനൊടുക്കിയ പശ്ചാത്തലത്തിലാണ് നടപടി. സംഭവത്തിൽ ആശുപത്രിക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണം വ്യാപകമായിരുന്നു. വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിൽ സർക്കാരിനെതിരെ പ്രതിഷേധവും ശക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് രോഗികളുടെ സുരക്ഷാ സംവിധാനം വിപുലപ്പെടുത്താൻ ആശുപത്രി അധികൃതർ തീരുമാനിച്ചത്. സംഭവത്തിൽ മന്ത്രി കെ.കെ.ശെെജ ആശുപത്രി അധികൃതരെ രൂക്ഷമായി വിമർശിച്ചു.ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് സംഭവം അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു. മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ടും മൂന്നാഴ്ചക്കകം വിശദീകരണം നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്.മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതും മദ്യപാനാസക്തിയുള്ളതുമായ രോഗികളെ കൂടുതലായി ശ്രദ്ധിക്കാൻ പുതിയ സംവിധാനത്തിലൂടെ കഴിയും.ഈ വാർഡിലെ രോഗികൾ മുഴുവൻ സമയവും സെക്യൂരിറ്റി ഓഫീസറുടെ നിരീക്ഷണത്തിലായിരിക്കും.

24 മണിക്കൂറും രോഗികൾക്കുവേണ്ടി ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്റെ സേവനവുമുണ്ടാകും.കൊവിഡ് വാർഡുകളിലെ എല്ലാ ജീവനക്കാർക്കും സൈക്കോളജിക്കൽ ഫസ്റ്റ് എയ്ഡ് പരിശീലനവും നൽകും.സുരക്ഷയ്ക്ക് 15 പൊലീസുകാരെയും ആവശ്യപ്പെട്ടിട്ടുണ്ട്.- ഡോ. എം.എസ് ഷർമ്മദ്, ആശുപത്രി സൂപ്രണ്ട്