മുംബയ് : കൊവിഡ് പശ്ചാത്തലത്തിൽ നീട്ടിവച്ചിരിക്കുന്ന ഇൗ സീസണിലെ ഐ.പി.എൽ ടൂർണമെന്റ് സെപ്തംബർ-ഒക്ടോബർ മാസങ്ങളിലായി നടത്താൻ ആലോചിക്കുകയാണെന്ന് ഐ.പി.എൽ ഗവേണിംഗ് കൗൺസിൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ. എന്നാൽ ഇത് സംബന്ധിച്ച തീരുമാനമെടുക്കണമെങ്കിൽ ഇൗവർഷത്തെ ട്വന്റി 20 ലോകകപ്പ് നടത്തുമോ ഇല്ലയോ എന്ന് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ അറിയിപ്പ് വരണമെന്നും പട്ടേൽ പറഞ്ഞു.
ലോകകപ്പ് മാറ്റിവച്ചാൽ ആ സമയത്ത് ഐ.പി.എൽ നടത്താമെന്നാണ് ബി.സി.സി.ഐ കരുതിയിരുന്നത്. എന്നാൽ രണ്ടാഴ്ചയ്ക്കിടെ രണ്ടുതവണ ഐ.സി.സി എക്സിക്യൂട്ടീവ് ബോർഡ് ചേർന്നെങ്കിലും ലോകകപ്പ് മാറ്റിവയ്ക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാനായില്ല. കൊവിഡ് കാരണം ടൂർണമെന്റ് നടത്തുന്ന കാര്യം പ്രയാസമാണെന്നാണ് ആസ്ട്രേലിയയുടെ നിലപാട്. ബി.സി.സി.ഐയ്ക്ക് ലോകകപ്പ് മാറ്റിവയ്ക്കുന്നതിനോടാണ് താത്പര്യം. ആ സമയമെടുത്ത് ലോകകപ്പ് നടത്താമെന്ന താത്പര്യമാണ് ഇതിന് പിന്നിൽ. എന്നാൽ ഐ.സി.സി പ്രസിഡന്റായ ഇന്ത്യക്കാരൻ ശശാങ്ക് മനോഹറിന് ഇതിനോട് താത്പര്യമില്ല. അതുകൊണ്ടാണ് ലോകകപ്പ് മാറ്റിവയ്ക്കുന്ന കാര്യത്തിൽ തീരുമാനം വൈകിപ്പിക്കുന്നത്.
കളി യു.എ.ഇയിൽ ?
കാണികളില്ലാതെയാണ് ഇൗ സീസണിൽ ടൂർണമെന്റ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ആ സാഹചര്യത്തിൽ പഴയപോലെ വിവിധ നഗരങ്ങളിലായി ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ മത്സരങ്ങൾ നടത്തില്ല.
കളിക്കാരുടെയും ടെലിവിഷൻ സംപ്രേഷണ വസ്തുക്കളുടെയും യാത്ര കുറയ്ക്കാനായി ഒന്നോ രണ്ടോ വേദികളിൽ മാത്രമായി ടൂർണമെന്റ് നടത്താനാണ് ബി.സി.സി.ഐ ആലോചിക്കുന്നത്.
ടെലിവിഷൻ കാണികളെയാണ് ലക്ഷ്യം വയ്ക്കുന്നത്. എന്നതിനാൽ കളി യു.എ.ഇയിലേക്ക് മാറ്റാനും സാദ്ധ്യതയുണ്ട്. ടീമുകൾക്ക് ബയോ സെക്യൂറായ അന്തരീക്ഷം സൃഷ്ടിച്ച് കളിക്കാനുള്ള സാഹചര്യം ഒരുക്കിയെടുക്കാൻ യു.എ.ഇയിൽ സാധിക്കും.
സെപ്തംബറിൽ ഇന്ത്യയിൽ നടത്തിയാൽ മഴയുടെ ശല്യം ഉണ്ടാകാൻ ഇടയുണ്ട്. യു.എ.ഇയിൽ അതൊഴിവായി കിട്ടും. ഇന്ത്യൻ സമയവുമായി വലിയ വ്യത്യാസവുമില്ല.
ടെലിവിഷനുവേണ്ടി മാത്രമാണ് കളിയെന്നതിനാൽ വിദേശത്ത് നടത്തിയാലും പ്രശ്നമില്ല. മഴയുടെ പ്രശ്നം ഒഴിവാകുന്ന സ്ഥലത്ത് കളി നടത്തണമെന്നേയുള്ളൂ. സെപ്തംബർ-ഒക്ടോബറിനുള്ളിൽ ഏതായാലും ഐ.പി.എൽ നടത്തിയേ മതിയാകൂ. കാരണം അത് കഴിഞ്ഞാൽ ഇന്ത്യയ്ക്ക് ആസ്ട്രേലിയയിൽ ടെസ്റ്റ് പര്യടനം നടത്തേണ്ടതാണ്.
ബ്രിജേഷ് പട്ടേൽ
ഐ.പി.എൽ ചെയർമാൻ
ലോകകപ്പ് സംബന്ധിച്ച് തീരുമാനമെടുക്കാതെ ഐ.സി.സി നീട്ടിനീട്ടിക്കൊണ്ടുപോകുന്നത് ആർക്കും ഒരു ഗുണവും ചെയ്യില്ല. ലോകകപ്പിനെക്കുറിച്ച് അറിഞ്ഞാലേ ഐ.പി.എല്ലിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനാകൂ.
അരുൺ ധുമാൽ
ബി.സി.സി.ഐ ട്രഷറർ