തിരുവനന്തപുരം: ഐ.ടി കമ്പനികൾക്ക് മൂന്നുമാസത്തെ വാടക ഇളവ് നൽകുമെന്നും വാടകയിലെ വാർഷിക വർദ്ധന ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
പതിനായിരം ചതുരശ്ര അടിയ്ക്കാണ് വാടക ഇളവ്.
25,000 ചതുരശ്ര അടി വിസ്തൃതിയിൽവരെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ആനുകൂല്യം പ്രയോജനപ്പെടുത്താം.
ഏതു മൂന്നുമാസം ഇളവ് വേണമെന്ന് കമ്പനിക്ക് നിശ്ചയിക്കാം. 2021-22 വർഷത്തെ വാടക നിരക്കിൽ വർദ്ധന ഉണ്ടാകില്ല. സർക്കാരിനു വേണ്ടി ചെയ്ത ഐ.ടി പ്രോജക്ടുകളിലെ പണം ഉടൻ അനുവദിക്കും.
കമ്പനികളിൽ പ്രതിരോധ നിർദേശങ്ങൾ പാലിക്കണം. കഴിവതും വർക്ക് ഫ്രം ഹോം രീതി തുടരണം.
മൂലധനമില്ലാതെ വിഷമിക്കുന്ന കമ്പനികൾക്ക് വായ്പ ലഭ്യമാക്കാൻ ബാങ്കുകളുമായി ചർച്ച ചെയ്യും.ഐ.ടി പാർക്കുകളിലെ 88 ശതമാനം കമ്പനികളും എം.എസ്.എം.ഇ പരിധിയിൽ വരുന്നതാണ്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതുപോലെ നിലവിലുള്ള വായ്പയുടെ 20 ശതമാനം കൂടി ഈടില്ലാതെ ലഭിക്കും.
ഐ.ടി മേഖലയിൽ 4,500 കോടി രൂപയുടെ വരുമാന നഷ്ടമാണ് കണക്കാക്കുന്നത്. 26,000ത്തിലധികം നേരിട്ടുള്ള തൊഴിലും 80,000ത്തോളം പരോക്ഷതൊഴിലും നഷ്ടപ്പെടാനിടയുണ്ട്.