തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ സൂപ്പർഫാസ്റ്റ് ബസുകൾ ഇന്നുമുതൽ പുനരാരംഭിക്കും. ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് രണ്ട് ജില്ലകളെ ബന്ധിപ്പിച്ച് ബസ് സർവീസ് നടത്താനാണ് സർക്കാർ അനുമതി നൽകിയിരുന്നത്. ഇതിന് ഫാസ്റ്റ് പാസഞ്ചറുകളെയാണ് ഉപയോഗിച്ചത്. സൂപ്പർ ഫാസ്റ്റുകൾ രണ്ടിലധികം ജില്ലകളെ ബന്ധിപ്പിച്ച് ഓടിയിരുന്നതിനാൽ ഇവ ആരംഭിച്ചിരുന്നില്ല.
സർക്കാർ ഓഫീസുകൾ പൂർണതോതിൽ പ്രവർത്തിച്ച് തുടങ്ങിയതിനാൽ ഓഫീസ് സമയങ്ങൾക്ക് മുന്നോടിയായി ബസുകളിൽ തിരക്കുണ്ട്. നിന്നുള്ള യാത്ര അനുവദിച്ചിട്ടില്ലാത്തതിനാൽ കൂടുതൽ ബസുകൾ ആവശ്യമായും വന്നു. ഇതേ തുടർന്നാണ് രണ്ട് ജില്ലകളെ ബന്ധിപ്പിച്ച് സൂപ്പർ ഫാസ്റ്റുകൾ കൂടി ഓടിക്കാൻ തീരുമാനിച്ചത്. ആവശ്യത്തിന് ഫാസ്റ്റ് ബസുകൾ ഇല്ലാത്ത ഡിപ്പോകളിലെല്ലാം സൂപ്പർഫാസ്റ്റുകൾ കൂടി ഓടിക്കാം.