online

തിരുവനന്തപുരം: ഓൺലൈൻ ക്ലാസുകൾ വീട്ടിൽ ലഭിക്കാത്ത കുട്ടികൾക്ക് സൗകര്യങ്ങൾ ഏർപ്പെടുത്താൻ നിയോജകമണ്ഡല ആസ്തി വികസന ഫണ്ടും എം.എൽ.എമാരുടെ പ്രത്യേക വികസന നിധിയും വിനിയോഗിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൊതുവായനശാലകൾ, തദ്ദേശ സ്വയംഭണ സ്ഥാപനങ്ങൾ, സഹകരണ-സർക്കാർ സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ, അങ്കണവാടികൾ, മ​റ്റ് പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ ഓൺലൈൻ- ടി.വി സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് ഫണ്ട് വിനിയോഗിക്കാനാണ് അനുമതി.

കുട്ടികൾക്ക് ലാപ്ടോപ്പുകൾ വാങ്ങുന്നതിന് കുടുംബശ്രീ, കെ.എസ്.എഫ്.ഇ എന്നിവ ഒരുമിച്ച് പ്രത്യേക പദ്ധതി നടപ്പാക്കും. വിദ്യാർത്ഥികൾക്ക് ടി.വി, ലാപ്‌ടോപ്പ്, സ്‌മാർട്ട് ഫോൺ മുതലായവ ലഭ്യമാക്കാനായി ഇ-വിദ്യാരംഭം പദ്ധതിക്ക് പൊലീസ് രൂപം നൽകിയിട്ടുണ്ട്. ഓൺലൈൻ പഠനോപകരണങ്ങൾ ട്രൈബൽ മേഖലയിലെ കുട്ടികൾക്ക് ലഭ്യമാക്കുന്നതിനാണ് പ്രധാന പരിഗണന. കുട്ടികൾക്കായി സ്മാർട്ട് ഫോൺ നിർമാതാക്കളായ വിവോ 140 ഫോണുകൾ കൈമാറും.

കൊവിഡ് പാക്കേജിൽ പ്രഖ്യാപിച്ച കുടുംബശ്രീ വഴിയുള്ള വായ്പാ പദ്ധതിയായ സി.എം സഹായഹസ്തത്തിൽ 24.8 ലക്ഷം സ്ത്രീകളുടെ 1869.60 കോടി രൂപയുടെ വായ്പാ അപേക്ഷ ബാങ്കുകളിലെത്തിച്ചു.1060 കോടി രൂപ ബാങ്കുകൾ അനുവദിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.