indian-cricket-team

ന്യൂഡൽഹി : ഇൗമാസവും അടുത്ത മാസവുമായി നടക്കേണ്ടിയിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കൻ പര്യടനം റദ്ദാക്കിയതായി ബി.സി.സി.ഐ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ വിദേശയാത്രയ്ക്ക് കേന്ദ്രസർക്കാർ അനുമതി ഇല്ലാത്തതിനാലാണ് പര്യടനം റദ്ദാക്കുന്നത്.

മൂന്നുവീതം ഏകദിനങ്ങളും ട്വന്റി 20 കളുമാണ് ഇന്ത്യ ശ്രീലങ്കയിൽ കളിക്കാനിരുന്നത്. കൊവിഡ് ലോക്ക് ഡൗണിന് മുമ്പാണ് ഇൗ പര്യടനത്തെക്കുറിച്ച് ചർച്ചകൾ നടന്നത്. എന്നാൽ കൊവിഡ് വന്നതോടെ പരമ്പര പരുങ്ങലിലായി.

അതേസമയം ഇന്ത്യയുടെ പര്യടനം ആഗസ്റ്റിൽ നടക്കുമെന്ന് കഴിഞ്ഞദിവസം ചില ശ്രീലങ്കൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പര്യടനം ഉപേക്ഷിച്ചതായി ബി.സി.സി.ഐ അറിയിച്ചത്. ശ്രീലങ്കയിലേക്ക് ഒരു പര്യടനം നടത്താൻ ബി.സി.സി.ഐക്ക് ബാദ്ധ്യതയുണ്ടെന്നും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ അത് നടക്കാത്തതാണെന്നും പറഞ്ഞ ബി.സി.സി.ഐ ട്രഷറർ അരുൺ ധുമാൽ ഭാവിയിൽ ഇന്ത്യ ശ്രീലങ്കൻ പര്യടനത്തിന് തയ്യാറാണെന്നും അറിയിച്ചു.