തിരുവനന്തപുരം: മുൻ രഞ്ജി താരം ജയം മോഹൻ തമ്പിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മകൻ അശ്വിനെ കൊവിഡ് പരിശോധന ഫലം വന്ന ശേഷം കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണം സംഘം വ്യക്തമാക്കി. നിലവിൽ അശ്വിനെ കാരക്കോണത്തെ നിരീക്ഷണ ക്യാമ്പിലാണ് പാർപ്പിച്ചിരിക്കുന്നത്. പരിശോധന ഫലം വന്ന ശേഷം ഇയാളെ ജില്ലാ ജയിലിലേക്ക് മാറ്റും. ഇതിനു ശേഷമാകും കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ നൽകുകയെന്ന് ഫോർട്ട് എസ്.ഐ വിമൽ പറഞ്ഞു. പരമാവധി രണ്ടു ദിവസമാകും കസ്റ്റഡിയിൽ ആവശ്യപ്പെടുക. ഇതിനു ശേഷം പ്രതിയുമായി കൃത്യം നടന്ന മുക്കോലയ്ക്കലെ വീട്ടിലെത്തി തെളിവെടുപ്പു നടത്തും.കൊലപാതകം പുനരാവിഷ്കരിക്കുകയാകും പ്രധാനമെന്ന് എസ്.ഐ പറഞ്ഞു. മിക്ക തെളുവുകളും ശേഖരിച്ചു കഴിഞ്ഞതിനാൽ കൂടുതൽ ദിവസം പ്രതിയെ കസ്റ്റഡിയിൽ വയ്ക്കാനും അന്വേഷണ സംഘത്തിനു താത്പര്യമില്ല.