covid-19
COVID 19

തിരുവനന്തപരം : രോഗികൾ കൂടിവരുന്ന പശ്ചാത്തലത്തിൽ വിദേശത്ത് നിന്നെത്തുന്നവർക്ക് നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെ ഇക്കാര്യത്തിൽ നടപടികൾ കൂടുതൽ കർശനമാക്കി. പൊലീസിന്റെ നിരീക്ഷണമാണ് പ്രധാനം. ഇതിന്റെ മാർഗരേഖ പുതുക്കിയതായി മുഖ്യമന്ത്രി പിണറായിവിജയൻ അറിയിച്ചു.

പതിന്നാല് ദിവസമാണ് നിരീക്ഷണം. വീട്ടിൽ സൗകര്യമില്ലാത്തവർക്ക് മാത്രം സർക്കാർ ക്വാറന്റൈൻ അനുവദിക്കും. ആവശ്യപ്പെടുന്നവർക്ക് പെയ്ഡ് ക്വാറന്റൈനും നൽകും. വിദേശത്തുനിന്ന് എത്തുന്നവർക്ക് എയർപോർട്ടിൽ പ്രാഥമിക പരിശോധന നടത്തും. സത്യവാങ്മൂലം എഴുതിവാങ്ങി മുൻകരുതൽ നിർദ്ദേശങ്ങൾ നൽകും. തുടർന്ന് വീടുകളിലേക്ക് സ്വന്തം വാഹനത്തിലോ ടാക്‌സിയിലോ പോകാം. വിവരം ബന്ധപ്പെട്ട തദ്ദേശസ്ഥാപനം, പൊലീസ്, കൊവിഡ് കെയർ സെന്റർ നോഡൽ ഓഫീസർ, ജില്ലാ കളക്ടർ എന്നിവർക്ക് കൈമാറും. നിശ്ചിത സമയത്ത് യാത്രക്കാരൻ വീട്ടിൽ എത്തി എന്ന് പൊലീസ് ഉറപ്പാക്കും. വീടിന് സമീപത്തെ പൊലീസ് ഉദ്യോഗസ്ഥർക്കാണ് ഇതിന്റെ ചുമതല.

വീട്ടിൽ സൗകര്യങ്ങളുണ്ട് എന്ന് തദ്ദേശസ്ഥാപനം ഉറപ്പാക്കണം. കുട്ടികളും പ്രായമായവരും ഉണ്ടെങ്കിൽ പ്രത്യേക മുൻകരുതലെടുക്കും. വീട്ടിലെത്തുന്ന വ്യക്തി ക്വാറന്റൈൻ പൂർത്തിയാക്കുന്നതുവരെ പൊലീസിൻെറ ശ്രദ്ധയുണ്ടാകും. ലംഘിച്ചാൽ പൊലീസ് കേസെടുക്കും.വീട്ടിൽ ക്വാറന്റൈൻ സൗകര്യം ഇല്ലാത്തവർക്ക് സർക്കാർ കേന്ദ്രത്തിലേക്ക് സ്വന്തം വാഹനത്തിലോ ടാക്‌സിയിലോ പോകാം

മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്താൻ സത്യവാങ്മൂലം

മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ 'കൊവിഡ് ജാഗ്രത' പോർട്ടലിലൂടെ ഹോം ക്വാറന്റൈന് സത്യവാങ്മൂലം നൽകണം. സ്വന്തം വീടോ മറ്റൊരു വീടോ തിരഞ്ഞെടുക്കാം. ജില്ലാ കൊവിഡ് കൺട്രോൾ റൂം സ്ഥലം പരിശോധിച്ച് സുരക്ഷിത ക്വാറന്റൈൻ ഉറപ്പാക്കും. സൗകര്യമില്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ / പെയ്ഡ് ക്വാറന്റൈൻ നിർദ്ദേശിക്കും.

സംസ്ഥാനത്ത് പ്രവേശിക്കാൻ അനുമതി നൽകുന്ന വിവരം തദ്ദേശസ്ഥാപനം, പൊലീസ്, കൊവിഡ് നോഡൽ ഓഫീസർ, എന്നിവരെ കളക്ടർ അറിയിക്കണം.

'ഹോം ക്വാറന്റൈൻ ആദ്യഘട്ടത്തിൽ വിജയമാണ്. ഇപ്പോഴും അത് ഫലപ്രദമാണെന്നതിന്റെ അടിസ്ഥാനത്തിലാണ് വിദേശത്ത് നിന്നെത്തുന്നവർക്കും അതു മതിയെന്ന് തീരുമാനിച്ചത്.'

- മുഖ്യമന്ത്രി പിണറായി വിജയൻ