khelratna-and-arjuna
khelratna and arjuna

പിഎച്ച്.ഡി കഴിഞ്ഞിട്ട് ആരെങ്കിലും ബിരുദത്തിന് ചേരുമോ എന്ന് ചോദിച്ചതുപോലെയാണ് ഇപ്പോൾ ഇന്ത്യൻ കായിക രംഗത്തെ കാര്യങ്ങൾ.

ദേശീയ കായിക രംഗത്ത് ഇത് അവാർഡ് കാലമാണ്. ദേശീയ കായിക പരസ്കാരങ്ങളായ അർജുന അവാർഡിനും രാജീവ്ഗാന്ധി ഖേൽ രത്നയ്ക്കും ദ്രോണാചാര്യയ്ക്കും ഒക്കെ അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്. പതിവുപോലെ അസോസിയേഷനുകളാണ് തങ്ങളുടെ കായികതാരങ്ങളെ ഇൗ പുരസ്കാരത്തിനായി ശുപാർശ ചെയ്യുന്നത് . അപേക്ഷിക്കുന്ന കാലത്തുതന്നെ ശുപാർശകൾ ലഭിക്കാത്തവരുടെ പരാതി പ്രവാഹ പ്രവാഹം തുടങ്ങിയിട്ടുണ്ട്. അർജുന ശുപാർശയിൽനിന്ന് തന്നെ ഒഴിവാക്കിയതിനെതിരെ മലയാളി ബാഡ്മിന്റൺ താരം പ്രണോയ്‌യും ദ്രോണാചര്യയിൽനിന്ന് ഒഴിവാക്കപ്പെട്ടതിനെപ്പറ്റി ടി.പി ഒൗസേഫുമൊക്കെ പരാതി ഉയർത്തിക്കഴിഞ്ഞു. ഇതോടെ ആരുടെയും ശുപാർശ വേണ്ട< സ്വന്തം നിലയ്ക്ക് അപേക്ഷിച്ചോളൂ എന്ന് കായികമന്ത്രാലയം അനുമതിയും നൽകി.

അപ്പോഴാണ് മറ്റൊരു വിവാദം ഉയർന്നുവരുന്നത്. മുമ്പ് പരമോന്നത പുരസ്കാരമായ ഖേൽരത്ന നേടിയ രണ്ടുപേർ ഇത്തവണ അർജുനയ്ക്കും അപേക്ഷിച്ചിരിക്കുന്നു. പത്മ പുരസ്കാരങ്ങൾപോലെ ശ്രേണിയായി ലഭിക്കുന്നതാണ് കായിക പുരസ്കാരങ്ങളും. ആദ്യം അർജുന. അതിനും മുകളിൽ ഖേൽ രത്ന. സമ്മാനത്തുകയുടെ വലിപ്പത്തിലും മുന്നിൽ ഖേൽരത്‌നയാണ്. ഇതുവരെ ഖേൽരത്ന ലഭിച്ചവർ പിന്നെ അർജുന അവാർഡിന് അപേക്ഷിക്കാറില്ല.

എന്നാൽ ഇത്തവണ വനിതാ ബോക്സിംഗ് താരം സാക്ഷി മാലിക്കും വനിതാ വെയ്റ്റ് ലിഫ്‌റ്റർ മീരാഭായ് ചാനുവും അർജുന അവാർഡിന് അപേക്ഷ നൽകിയിരിക്കുന്നു. 2016 ൽ റിയോ ഒളിമ്പിക്സിൽ വെങ്കലം നേടിയതിന് ആവർഷം ഖേൽരത്ന ലഭിച്ച താരമാണ് സാക്ഷി. 2017 ലെ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ മീരാഭായ്ക്ക് പിറ്റേവർഷവും ഖേൽരത്ന ലഭിച്ചു. എന്നിട്ടും ഇൗവർഷം ഇൗ ഖേൽരത്‌ന പൊന്നിൻ കുടങ്ങൾ എന്തിന് അർജുനപ്പൊട്ട് തേടുന്നു എന്നതിലാണ് കൗതുകം.

റിയോ ഒളിമ്പിക്സിന് മുമ്പ് സാക്ഷിക്ക് കാര്യമായ അന്താരാഷ്ട്ര മെഡലുകൾ ഒന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് അർജുനയ്ക്ക് പരിഗണിച്ചില്ല. ഒളിമ്പിക് മെഡലിസ്റ്റുകൾക്ക് സ്വാഭാവികമായും നൽകിവരുന്ന ഖേൽരത്ന അതുകൊണ്ടുതന്നെ 2016ൽ നൽകുകയും ചെയ്തു. വനിതാ വെയ്റ്റ് ലിഫ്‌റ്റിലെ ആദ്യ ഇന്ത്യൻ ലോക ചാമ്പ്യനായ മീരാഭായ് 2018 ൽ അപേക്ഷിക്കുക പോലും ചെയ്തില്ലെങ്കിലും മാനദണ്ഡമനുസരിച്ച് ഖേൽരത്‌ന നൽകി. അതിനുമുമ്പ് അർജുനയ്ക്ക് മീരാഭായ്ക്ക് അർഹതയുണ്ടായിരുന്നുവെങ്കിലും ആ പുരസ്കാരം കിട്ടിയിരുന്നില്ല. അതുകൊണ്ടാണ് ഇത്തവണ അപേക്ഷിച്ചതെന്ന് മീരാഭായ് പറയുന്നു.

ഏഴര ലക്ഷം രൂപയാണ് ഖേൽ രത്ന പുരസ്കാര ജേതാവിന് നൽകുന്നത്. അർജുനയ്ക്ക് അഞ്ചുലക്ഷവും ട്രെയിൻ, വിമാന സൗജന്യ യാത്രകളും. ഒന്നാലോചിച്ചാൽ അധിക സാമ്പത്തിക നേട്ടം അർജുനയ്ക്കാണ്. അതുകൊണ്ടാണ് ഖേൽ രത്‌ന മതിയാകാതെ ഇവർ അർജുനയ്ക്ക് ശ്രമിക്കുന്നത് എന്നാണ് അന്തപ്പുരങ്ങളിലെ സംസാരം.

38 പേർക്കാണ് രാജ്യം ഇതുവരെ ഖേൽരത്‌ന പുരസ്കാരങ്ങൾ നൽകിയിരിക്കുന്നത്. ഇവരിൽ പലർക്കും അർജുന ലഭിച്ചുകഴിഞ്ഞാണ് ഖേൽരത്‌ന ലഭിച്ചിട്ടുള്ളത്. അർജുന നേടാതെ ഖേൽ രത്‌നയിലേക്ക് എത്തിയവർ മൂന്നുപേരെയുള്ളൂ. സാക്ഷിയും മീരയും പിന്നെ സാക്ഷാൽ ധോണിയും. 2007 ലാണ് ധോണിക്ക് ഖേൽരത്‌ന ലഭിച്ചത്. പക്ഷേ ധോണി പിന്നീട് അർജുനയ്ക്ക് അപേക്ഷിച്ചതേയില്ല.

സാമ്പത്തിക നേട്ടം

ഖേൽരത്ന

7.5

ലക്ഷം രൂപയ്ക്കും മെഡലും സർട്ടിഫിക്കറ്റുമാണ് പുരസ്കാരമായി ലഭിക്കുന്നത്.

അർജുന

അഞ്ചുലക്ഷം രൂപ, അർജുന പ്രതിധ, സെറിമോണിയൽ ഡ്രസ്, സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കും.

അർജുന അവാർഡ് ജേതാക്കൾക്ക് ഒരു സാമ്പത്തികവർഷം ഇന്ത്യയ്ക്കകത്ത് ആറ് വൺവേ വിമാനയാത്രകൾ സൗജന്യമായി നടത്താം. മറ്റു യാത്രകൾക്ക് പകുതി പണം മുടക്കിയാൽ മതി.

ജീവിതകാലം മുഴുവൻ ട്രെയിനിൽ ഫസ്റ്റ്ക്ളാസ് എ.സി അല്ലെങ്കിൽ സെക്കൻഡ് ക്ളാസ് എ.സി യാത്ര സൗജന്യം. 65 വയസ് കഴിഞ്ഞാൽ ഒരു സഹായിയെയും അനുവദിക്കും.

ഖേൽരത്ന പരമോന്നത പുരസ്കാരമായിരിക്കാം. പക്ഷേ എനിക്ക് മുമ്പ് അർഹതപ്പെട്ട അർജുന കിട്ടിയിട്ടില്ല. അതുകൊണ്ടാണ് അപേക്ഷിച്ചത്.

മീരാഭായ് ചാനു

സാക്ഷിയുടെ അപേക്ഷ കായികമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. സാക്ഷി അർജുനയ്ക്ക് അപേക്ഷിക്കരുത് എന്ന് പറയാൻ ഫെഡറേഷന് കഴിയില്ല. കായിക മന്ത്രാലയത്തിന്റെ സെലക്ഷൻ കമ്മിറ്റി തീരുമാനമെടുക്കട്ടെ.

വി.എൻ. പ്രസൂദ്

റെസ്‌ലിംഗ് ഫെഡറേഷൻ

ഒഫ് ഇന്ത്യ ,

സെക്രട്ടറി ജനറൽ.